തൃശൂർ : പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് കനാലിൽ തള്ളിയത് അമ്മ. തൃശൂർ വരിയത്താണ് മനസാക്ഷിയെ ഞടുക്കുന്ന സംഭവം. കുട്ടിയുടെ അമ്മ വരിയം സ്വദേശി മേഘ (22), ഇവരുടെ അയൽവാസിയും കാമുകനുമായ ഇമ്മാനുവൽ (25) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യം ഒളിപ്പിക്കാൻ കൂട്ടുനിന്നതിന് ഇമ്മാനുവലിന്റെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11 ന് ആണ് മേഘ പ്രസവിച്ചത്. ഉടനെ തന്നെ ബക്കറ്റിൽ കരുതിയിരുന്ന വെള്ളത്തിൽ കുഞ്ഞിനെ മുക്കിക്കൊന്നു. ഇതിനു ശേഷം ഇമ്മാനുവേലിനെ വിവരം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഇമ്മാനുവലും സുഹൃത്തും കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയത്. അതുവരെ ഒരു ദിവസത്തോളം മൃതദേഹം ബക്കറ്റിലെ വെള്ളത്തിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു. മേഘ ഗർഭിണിയായതും പ്രസവിച്ചതും അച്ഛനും അമ്മയും ഇളയ സഹോദരിയും അറിഞ്ഞിരുന്നില്ല. പോലീസ് വീട്ടിലെത്തുമ്പോൾ മാത്രമാണ് ഇവർ വിവരം അറിയുന്നത്.
നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിലാണ് വഴിത്തിരിവുണ്ടായത്. തൃശൂർ പൂങ്കുന്നം – കുറ്റൂർ എംഎൽഎ റോഡിലാണ് നവ ജാത ശിശുവിന്റെ മൃതദേഹം കാരിബാഗിലാക്കി കനാലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പ്രദേശത്തുകൂടി ബൈക്കിൽപോയ രണ്ടു പേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ നിവർന്നത്. മേഘയും അയൽവാസിയായ ഇമ്മാനുവലും രണ്ട് വർഷമായി അടുപ്പത്തിലായിരുന്നു. ഇമ്മാനുവലിൽനിന്നും ഗർഭംധരിച്ച മേഘ ഇക്കാര്യം വീട്ടുകാരിൽനിന്നും മറച്ചുവച്ചു. ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർ വയറ്റിൽ തുണിചുറ്റിയായിരുന്നു ഗർഭംധരിച്ച വിവരം മറച്ചുപിടിച്ചത്. വീട്ടിലെ മുറിയിൽ സ്വന്തം മുറിയിൽ പ്രസവിച്ച ഉടനെ കുട്ടിയെ കൊല്ലുകയായിരുന്നു.