കൊച്ചി: ഔദ്യോഗിക അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആക്ഷേപത്തിൽ എഡിജിപി എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻചിറ്റ് കേരള ഹൈക്കോടതി റദ്ദാക്കി. ശ്രീജിത്തിനെതിരെ ഉയർന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ച ചീഫ് സെക്രട്ടറിയെയും കോടതി ശക്തമായി വിമർശിച്ചു. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്.
എം ആർ അജിത് കുമാറിന്റെ സസ്പെൻഷന് പിന്നാലെ ശ്രീജിത്തിനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചന നിലനിൽക്കെയാണ് ഹൈക്കോടതിയുടെ നടപടി. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റായ നടപടിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സംയുക്ത ഹിയറിംഗ് നീതിയുക്ത രീതിയല്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന് പല കാര്യങ്ങളും അതോറിറ്റിയോട് പറയാനുണ്ടാകുമെന്നും അതിൽ എഡിജിപി എസ് ശ്രീജിത്തിനെതിരായ തെളിവുകൾ ഉണ്ടാവുമെന്നും കോടതി പറഞ്ഞു. ഈ തെളിവുകൾ ഇല്ലാതാക്കാൻ സംയുക്ത ഹിയറിംഗ് വഴി സാധിക്കുമെന്ന കണ്ടെത്തലിലാണ് കോടതിയുടെ വിമർശനം.






























