പനാജി: സാങ്കേതിക പിഴവുകൾ കൊണ്ട് വോട്ടർമാരുടെ വോട്ടവകാശം നഷ്ടപ്പെടരുതെന്ന് ബോംബെ ഹൈക്കോടതി. ഗോവയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ആറ് പേരുടെ പേരുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടുകയായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച്. എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ക്കിടെ മേല്‍വിലാസം മാറ്റുന്നതിനായി അപേക്ഷ നല്‍കിയ കുടുംബാംഗങ്ങളുടെ പേരുകളാണ് വോട്ടമാരുടെ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തത്. സാന്റാക്രൂസ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് താമസം മാറിയ പരേഷ് സാല്‍ഗോങ്കറും അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേരും മേല്‍വിലാസം മാറ്റാനായി ‘ഫോം 8’ സമര്‍പ്പിച്ചിരുന്നു. ബിഎല്‍ഒയുടെ നിര്‍ദേശപ്രകാരമാണ് ഫോം 8 സമര്‍പ്പിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ്‌വെയറായ ‘ERONET’ല്‍ ഇവരുടെ വോട്ടര്‍ ഐഡി വിവരങ്ങള്‍ ലഭ്യമല്ലെന്ന കാരണത്താല്‍ ഈ അപേക്ഷകള്‍ സിസ്റ്റം സ്വയം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്നും ഇവരുടെ പേരുകള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെട്ടു. സംഭവം ചര്‍ച്ചയായതോടെ പുതിയ വോട്ടര്‍മാര്‍ക്കുള്ള ‘ഫോം 6’ അപേക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഇതിനുപിന്നാലെ പരേഷും കുടുംബവും ഹൈക്കോടതി ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് അമിത് എസ്. ജാംസണ്ഡേക്കര്‍, ജസ്റ്റിസ് വാല്‍മീകി മേനെസസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.




























