തിരുവനന്തപുരം: ഓണക്കാലത്തെ വരവേല്‍ക്കാന്‍ സപ്ലൈകോയും ഒരുങ്ങി. ഓണസദ്യക്കായുള്ള അവശ്യ സാധനങ്ങളും പ്രമുഖ ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി വിവിധ തരത്തിലുള്ള ഓണക്കിറ്റുകളും ഗിഫ്റ്റ് കാര്‍ഡുകളുമാണ് സപ്ലൈകോ ഇത്തവണ വിപണിയിലെത്തിക്കുന്നത്. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാനക്കിറ്റ് 1,000 രൂപയ്ക്ക് സപ്ലൈകോ വില്‍പനശാലകളില്‍ ലഭ്യമാണ്. ഇതിനുപുറമെ കൂടുതല്‍ വിഭവങ്ങളുള്ള പ്രത്യേക ഗിഫ്റ്റ് കിറ്റുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
25 ഇനങ്ങളുള്ള ഉത്രാടംകിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും നല്‍കും. 1880 രൂപ വിപണി വില വരുന്ന കിറ്റാണ് സപ്ലൈകോയില്‍ 1500 രൂപയ്ക്ക് ലഭിക്കുന്നത്. അതേസമയം 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് തിരുവോണം കിറ്റില്‍ ലഭിക്കുക. പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങി ഒന്‍പതു പ്രീമിയം ശബരി ഉത്പന്നങ്ങളുമായി 299 രൂപയ്ക്ക് ശബരി സിഗ്‌നേച്ചര്‍ കിറ്റും വില്‍പ്പനയ്‌ക്കെത്തും.
ഓണക്കിറ്റുകള്‍ക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്ലൈകോ നല്‍കുന്നുണ്ട്. 500, 1000 രൂപ വീതം മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റില്‍നിന്ന് ആവശ്യമായ ഉത്പന്നം വാങ്ങാം. അതിന്റെ കൂടെ സമ്മാനക്കൂപ്പണുകളും ഉണ്ട് കേട്ടോ. ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. സപ്ലൈകോ സ്റ്റോറുകൾ കിറ്റ് വിതരണവുമായി പൂർണമായി തയ്യാറെടുക്കുന്നതോടെ ഈ വർഷത്തെ ഓണച്ചന്ത സജീവമാകും.































