കാഠ്മണ്ഡു: നേപ്പാളിൽ സർവനാശം വിതച്ച മിന്നൽ പ്രളയത്തിൽ തകർന്ന കാർഷിക വികസന ബാങ്കിൽനിന്ന് കോടികൾ വിലമതിക്കുന്ന സ്വർണ്ണവും പണവും സാഹസിക നീക്കത്തിലൂടെ വീണ്ടെടുത്ത് നേപ്പാൾ പോലീസ്. നുവാകോട്ട് ജില്ലയിലെ തൃശൂലി ധുങ്കെയിലുള്ള കാർഷിക വികസന ബാങ്കിന്റെ ശാഖയിൽ നിന്ന് 51.5 കോടിയിലധികം രൂപയുടെ സമ്പാദ്യമാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
എട്ട് മണിക്കൂർ നീണ്ട കഠിനമായ ശ്രമത്തിനൊടുവിലാണ് പോലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് ബാങ്കിന്റെ ലോക്കറുകൾ പുറത്തെടുത്തത്. വീണ്ടെടുത്ത സമ്പാദ്യത്തിൽ 50 കോടി രൂപ വിലമതിക്കുന്ന സ്വർണശേഖവും 1.5 കോടി നേപ്പാളിസ് രൂപയുടെ നോട്ടുകെട്ടുകളുമാണ് ഉണ്ടായിരുന്നത്. സുരക്ഷിതമായി പുറത്തെടുത്തവയിൽ ബാങ്കിന്റെ അതീവരഹസ്യ സ്വഭാവമുള്ള രേഖകളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവ ഉയർന്ന സുരക്ഷയുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തങ്ങളുടെ എക്സ് ഹാൻഡിലിൽ നേപ്പാൾ പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.































