കൊച്ചി : മനോരമ ന്യൂസ് ചാനലിന്റെ ‘ന്യൂസ് മേക്കര്‍ 2021’ പുരസ്‌ക്കാരം നേടി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവ് മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം നേടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നടത്തിയ സംഘടനാ പൊളിച്ചെഴുത്തുകളുടെ തുടര്‍ച്ചയായാണ് മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായി കെപിസിസി നേതൃത്വത്തിലേക്ക് കെ.സുധാകരന്‍ എത്തുന്നത്. കെ.സുധാകരന്റെ നേതൃശൈലിക്കെതിരെ കോണ്‍ഗ്രസിന് അകത്ത് നിന്നും പുറത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മനോരമ ന്യൂസ് പ്രേക്ഷകരുടെ ഇടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് കെ.സുധാകരന്‍ മുന്നിലെത്തിയത്. കിറ്റക്‌സ് എംഡി സാബു എം ജേക്കബ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, എംഎസ്‌എഫ് വനിതാ വിഭാഗമായ ഹരിതയുടെ മുന്‍ നേതാക്കള്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. സിനിമാ സംവിധായകന്‍ സിദ്ദിഖ് ആണ് ന്യൂസ് മേക്കര്‍ 2021 പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്. വിവാദങ്ങളെ ഭയക്കാതെയും തന്റെ ഇമേജ് നോക്കാതെയും അണികളെ നയിക്കുന്ന നേതാവാണ് കെ.സുധാകരന്‍ എന്ന് സിദ്ദിഖ് അഭിപ്രായപ്പെട്ടു.