ന്യൂയോര്‍ക്: ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ 13 പേരും പെന്‍സില്‍വാനിയയില്‍ അഞ്ചു പേരും മരണപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഒരാള്‍ കാറിനുള്ളിലും 11 പേര്‍ വെള്ളം കയറിയ ബേസ്മെന്റ് അപ്പാര്‍ട്ട്മെന്‍റുകളില്‍ കഴിഞ്ഞവരുമാണ് മരിച്ചത്.
സബ് വേ ടണലുകളും ദേശീയപാതകളും പ്രളയജലം മൂടിയ നിലയിലാണ്. ഒാടകളിലെ മാലിന്യങ്ങള്‍ കൊണ്ട് നിരത്തുകള്‍ നിറഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലും ന്യൂജഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും വിമാന-ട്രെയിന്‍ സര്‍വീസുകളും അവശ്യമല്ലാത്ത ഗതാഗതങ്ങളും റദ്ദാക്കി. തെക്കന്‍ അമേരിക്കയില്‍ നാശം വിതച്ച കാറ്റഗറി നാലില്‍ പെട്ട ഐഡ വടക്കന്‍ മേഖലയിലേക്ക് നീങ്ങിയതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. മിസ്സിസിപ്പി, ലൂയ്സിയാന, അലബാമ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് നാശം വിതച്ചു.