കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊപ്പം കേരളത്തില്‍ സാന്നിധ്യമുണ്ടെന്നു സംശയിക്കുന്ന തീവ്രവാദ സംഘടനകളുടെ വേരറുക്കാനും ലക്ഷ്യമിട്ട് എന്‍ഐഎ. വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ള വ്യക്തികളില്‍നിന്നു ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ പരിശോധന ശക്തമാക്കി. സ്ലീപ്പര്‍ സെല്ലുകളുടെ പ്രവര്‍ത്തനം കണ്ടെത്താന്‍ അസാധാരണമായ നീക്കങ്ങളാണ് എന്‍ഐഎ കേരളത്തില്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിലുള്ള എന്‍ഐഎ സംഘത്തിന് പെട്ടെന്നു തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം ലഭിച്ചു. പോകുന്ന വഴി നെയ്യാറ്റിന്‍കരയിലെത്താന്‍ സംഘത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് നെടുമങ്ങാട്ടേക്കു വഴി മാറ്റാനുള്ള നിര്‍ദേശം വന്നു. ഒടുവില്‍ കൊച്ചിയില്‍നിന്നുള്ള സംഘം നെടുമങ്ങാട്ട് എത്തുമ്പോള്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്ത മറ്റൊരു സംഘം അവിടെ കാത്തുനിന്നിരുന്നു. കസ്റ്റഡിയിലുള്ള മൂന്നു പേരെ കൊച്ചിയിൽ നിന്നെത്തിയവര്‍ക്കു കൈമാറി അവര്‍ മടങ്ങി. കൊച്ചിയിലേക്കു കൊണ്ടുവന്ന മൂന്നു പേരെ ചോദ്യം ചെയ്യുന്നത് ഹൈദരാബാദില്‍നിന്നെത്തിയ സംഘമാണെന്നാണു സൂചന.
കേരളത്തില്‍ ഐഎസ് സാന്നിധ്യം സജീവമാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് വരെ പുറത്തുവന്ന സാഹചര്യത്തിലാണ് എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ ഏകോപിച്ച് തിരച്ചില്‍ ശക്തമാക്കിയത്. ബെംഗളൂരുവില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എയുമായ തന്‍വീര്‍ സേട്ടിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആബിദ് പാഷയില്‍നിന്നുള്‍പ്പെടെ കേരളത്തിലെ തീവ്രവാദബന്ധത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. തന്‍വീറിനെ വെട്ടിയ ഫര്‍ഷാന്‍ പാഷയ്ക്ക് കേരളത്തിലാണു പരിശീലനം ലഭിച്ചതെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കിയിരുന്നു.
വിദേശരാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നതിലൂടെയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിച്ചിരുന്നതെന്ന നിഗമനത്തിലാണ് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നത്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതി മുഹമ്മദലി എന്നയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസില്‍നിന്ന് ഇയാള്‍ സ്വര്‍ണം വാങ്ങിയതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
കൈവെട്ട് കേസില്‍ മുഹമ്മദലിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടിരുന്നു. പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് മുഹമ്മദലിയാണെന്ന് എന്‍ഐഎ വാദിച്ചെങ്കിലും കോടതി മുഖവിലയ്ക്ക് എടുത്തിരുന്നില്ല. മറ്റു ജോലികളൊന്നും ഇല്ലാത്തയാള്‍ എങ്ങിനെയാണു സാമ്പത്തിക സഹായം നല്‍കുക എന്ന ചോദ്യമാണ് ഉയര്‍ന്നത്. അന്ന് മുഹമ്മദലിയെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന തെളിവുകള്‍ എന്‍ഐഎയ്ക്കു നല്‍കാന്‍ കഴിയാതിരുന്നതിനാല്‍ കോടതി അയാളെ വെറുതേ വിടുകയായിരുന്നു. എന്നാല്‍ ഇത്തവണ കൃത്യമായ അന്വേഷണത്തിലൂടെ മുഹമ്മദലിയുടെ സാമ്പത്തിക സ്രോതസുകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് എന്‍ഐഎ.
സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മറ്റു പലര്‍ക്കും തീവ്രസംഘടനകളുമായുളള ബന്ധവും എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെ കുടുക്കുകയാണ് എന്‍ഐഎ സംഘത്തിന്റെ യുഎഇ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യമെന്നും പറയപ്പെടുന്നു. മുഹമ്മദലിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം കിട്ടിയത്. ഇയാള്‍ ദുബായില്‍ സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ സംരക്ഷണത്തിലാണെന്നാണു സൂചന. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരില്‍നിന്ന് കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെക്കുറിച്ചു നിര്‍ണായകവിവരം കിട്ടുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ. ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടീസും ഇയാള്‍ക്കെതിരായുണ്ട്.