ശ്രീനഗര്‍ : ജമ്മുവിലെ പതിനാല് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ പരിശോധന തുടങ്ങി. ലഷ്‌കര്‍ ഇ മുസ്തഫ മേധാവി ഹിദായത്തുല്ല മാലിക്കിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് എന്‍.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപോര്‍ട്ട് ചെയ്തു. 7 കിലോ ഐ.ഇ.ഡി കണ്ടെടുത്ത മറ്റൊരു കേസിലും പരിശോധന നടക്കുന്നുണ്ട്. എന്‍.ഐ.എ ഈ രണ്ട് കേസും ബന്ധപ്പെടുത്തിയാണ് അന്വേഷിക്കുന്നത്.
പുല്‍വാമ, ഷോപിയാന്‍, അനന്തനാഗ്, ജമ്മു, ബനിഹാള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ എന്‍.ഐ.എയുടെ വ്യത്യസ്ത ടീമുകളാണ് പരിശോധന നടത്തുന്നത്. രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. ഒന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ 7 കിലോഗ്രാം ഐ.ഇ.ഡി കണ്ടെടുത്ത കേസിലാണ്. മറ്റൊന്ന് ലഷ്‌കര്‍ ഇ മുസ്തഫ മേധാവി ഹിദായത്തുല്ല മാലിക്കിന്റെ അറസ്റ്റാണ്.
അഞ്ച് മാസം മുന്‍പാണ് ഹിദായത്തുല്ലയെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിനുവേണ്ടി ഹിദായത്തുല്ലയും സംഘവും എന്‍.എസ്.എ അജിത് ഡോവലിന്റെ ഓഫിസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി എന്‍.ഐ.എ ആരോപിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് ഈ രണ്ട് കേസുകളും എന്‍ഐഎ ഏറ്റെടുത്തത്. ഫെബ്രുവരി ആറിനാണ് കശ്മീര്‍ പോലിസ് അനന്തനാഗില്‍ വച്ച് ഹിദായത്തുല്ലയെ അറസ്റ്റ് ചെയ്തത്.
അനന്തനാഗില്‍ ഒരു കേന്ദ്രം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു ഹിദായത്തുല്ലയെന്ന് എന്‍.ഐ.എ കരുതുന്നു. ഗൂഢാലോചനക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ജെയ്‌ഷെ മുഹമ്മദിനുവേണ്ടിയാണ് ഹിദായത്തുല്ല പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.ഐ.എ കരുതുന്നു. ആദ്യം ഈ കേസ് ഗന്‍ഗ്യാല്‍പോലിസ് സ്‌റ്റേഷനിലാണ് യുഎപിഎ അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസ് പന്നീട് എന്‍.ഐ.എ വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.