മുംബൈ : അറബിക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മുംബൈ തീരത്ത്. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ നിസര്‍ഗ തീരം തൊട്ടത്. കാറ്റിന്റെ വേഗത 20 കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം നിസര്‍ഗ ചുഴലിക്കാറ്റിന്റെ വരവ് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം രാത്രി 7 മണി വരെ അടച്ചിട്ടുണ്ട്.
മുംബൈ തീരപ്രദേശത്തുള്ള പൊതുഇടങ്ങളായ ബീച്ചുകള്‍, പാര്‍ക്കുകള്‍, എന്നിവ പോലിസ് നോ-ഗോ സോണുകളായി പ്രഖ്യാപിച്ചു. നൂറ്റാണ്ടിലെ ആദ്യത്തെ ചുഴലികൊടുങ്കാറ്റിനെയാണ് മുംബൈ നേരിടാനൊരുങ്ങുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള 19,000 ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇതുവരെ സംസ്ഥാനം നേരിട്ടതില്‍ വെച്ച് ഏറ്റവും തീവ്രമായ ചുഴലിക്കാറ്റാണിതെന്നും ജനങ്ങള്‍ അടുത്ത രണ്ട് ദിവസം ആളുകള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിട്ടുണ്ട്. ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും പരക്കെ മഴയ്ക്ക് സാധ്യത. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.