ഡല്‍ഹി : നിസാമുദ്ദീൻ ദർഗ്ഗയ്ക്ക് സമീപത്തുള്ള മർക്കസിൽ തബ് ലീഗ് ജമാഅത്ത് നടത്തിയ മത ചടങ്ങിൽ പങ്കെടുത്ത കൂടുതൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണം ശക്തമാക്കി. മർക്കസിന് സമീപത്തുള്ള ആളുകളെ ഇന്നലെ രാത്രി ഏറെ വൈകിയും നിരീക്ഷണത്തിനും പരിശോധനയ്ക്കും ആയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുന്നൂറിൽ അധികം ആളുകളെയാണ് നിരീക്ഷണത്തിൽ ആക്കിയത്. കഴിഞ്ഞ 13 മുതൽ 18 വരെ നടന്ന ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു. തെലങ്കാനയിൽ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജമ്മു കശ്മീരിലെ ശ്രീനഗറിൽ മരിച്ച 65-കാരനും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ചടങ്ങിൽ പങ്കെടുത്തവരിൽ ഡല്‍ഹിയിൽ ഇരുപത്തി നാലും തമിഴ് നാട്ടിൽ പതിനാറും ആൻഡമാൻ നിക്കോബാറിൽ ആറും ആന്ധ്രാ പ്രദേശിൽ ഒരാൾക്കും ആണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങൾ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചടങ്ങിൽ പങ്കെടുത്തവരും അവരുമായി ബന്ധപ്പെട്ടവരുടെയും വിവരങ്ങൾ അടങ്ങിയ അമ്പത് പേജുള്ള പട്ടിക ജമ്മു കശ്മീർ ഭരണകൂടം പുറത്ത് വിട്ടു.
ചടങ്ങിൽ പങ്കെടുത്തവർ റിപ്പോർട്ട് ചെയ്യണം എന്ന് തെലങ്കാന സർക്കാർ അറിയിച്ചു. ചടങ്ങിൽ ഇരുപത്തി രണ്ട് മലയാളികളും പങ്കെടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്. തബ്ലീഗ് ജമാഅത്ത് അധികൃതർക്ക് എതിരെ കേസ് എടുക്കണം എന്ന് ഡല്‍ഹി സർക്കാർ ആവശ്യപ്പെട്ടു. ലോക്ക്ഡൗണിനു ശേഷം ആരെയും പുതുതായി പ്രവേശിപ്പിച്ചില്ലെന്നാണ് മർകസിന്റെ വിശദീകരണം.
ലോക്ക്ഡൗൺ സമയത്തും നിരവധി പേർ മർക്കസിൽ താമസമുണ്ടായിരുന്നതായും പോലീസ് അയച്ച നോട്ടീസിന് നൽകിയ മറുപടിയിൽ പറയുന്നു. അതേസമയം ഞായറാഴ്ച നിസാമുദ്ദീനിൽ നിന്നുള്ള രോഗി മരിച്ചത് കൊവിഡ് മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോക് നായക് ആശുപത്രി അധികൃതർ അറിയിച്ചു