ബംഗളൂരു: വിവാഹ രജിസ്ട്രേഷനായി വയസ് തെളിയിക്കുന്ന രേഖയായി ആധാർ കാർഡ് മാത്രം സ്വീകരിക്കരുതെന്ന് കർണാടക സർക്കാർ സബ്‌രജിസ്ട്രാർമാർക്ക് മുന്നറിയിപ്പ് നൽകി. ജനന തീയതി തെളിയിക്കുന്നതിനുള്ള പ്രാഥമിക രേഖയായി ആധാർ കാർഡ് ഉപയോഗിക്കാനാകില്ലെന്ന നിർദേശം കർശനമായി പാലിക്കണമെന്നാണ് സ്റ്റാമ്പ്സ് ആൻഡ് രജിസ്ട്രേഷൻ വകുപ്പിന്‍റെ നിര്‍ദേശം. പ്രായം തെളിയിക്കുന്നതിനായി ആധാര്‍ നൽകി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വകുപ്പ് വ്യക്തമാക്കുന്നു.
ഇനി അത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ജനന സർട്ടിഫിക്കറ്റോ സ്കൂളിൽ നിന്നുള്ള ഡിക്ലറേഷൻ ലെറ്ററോ ഹാജരാക്കണമെന്ന് സബ് രജിസ്ട്രാർമാർക്ക് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇവ രണ്ടും ലഭ്യമല്ലാത്ത പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പ്രായം തെളിയിക്കുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് പരിഗണിക്കാമെന്ന് വകുപ്പ് വ്യക്തമാക്കുന്നു.































