അബുദാബി: യുഎഇയില്‍ താമസ വിസയുടെ കാലാവധി കഴിയുന്നവരില്‍ നിന്ന് ഈ വര്‍ഷാവസാനം വരെയുള്ള പിഴ ഈടാക്കില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ഇന്നലെ മന്ത്രിസഭാ യോഗം നടന്നത്.
രാജ്യത്തെ ആരോഗ്യ രംഗത്തിന് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതലായി ഉത്പാദിപ്പിക്കുമെന്ന പ്രഖ്യാപനവും യോഗത്തില്‍ ശൈഖ് മുഹമ്മദ് നടത്തി. ആരോഗ്യ മേഖലയില്‍ വിവര സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കും. പൊതുജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള നടപടികളുണ്ടാകും. കൊവിഡിനെതിരെ ഒത്തൊരുമിച്ച് ഒരു കുടുംബം പോലെയാണ് യുഎഇ പോരാടുന്നതെന്നും എല്ലാവരുടെ പരസ്പരം സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.