തൃശ്ശൂർ : പരിസ്ഥിതി – സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോവാൻ കേന്ദ്രം സന്നദ്ധമാണെന്ന റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന അത്ഭുതകരമായിരിക്കുന്നുവെന്നു കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സ്വരൂപിച്ച 25000 പേർ ഒപ്പിട്ട ഭീമഹർജ്ജി സമർപ്പിക്കാനായി ഓഗസ്റ്റ് 6-നു റെയിൽ ഭവനിൽ വെച്ചുള്ള കൂടിക്കാഴ്ച്ചയിൽ തങ്ങളോട് പറഞ്ഞതിനു നേർ വിപരീതമായ സമീപനമാണിതെന്നും ഈ മാറ്റത്തിന്റെ കാരണംകൂടി മന്ത്രി വ്യക്തമാക്കണമെന്നും പുതുശ്ശേരി ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള 6 എം. പിമാരും തങ്ങളോടൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രീയ പഠനങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെ 2020-ൽ തട്ടികൂട്ടി സമർപ്പിച്ച ഡി. പി. ആറിൽ കേന്ദ്രം ആവർത്തിച്ചു ആവശ്യപ്പെട്ട ഒരു വിശദാoശവും കേരളം ഇതുവരെ നൽകിയിട്ടില്ല. റെയിൽവേയുടെ അനുമതി ഇല്ലാതെ റെയിൽഭൂമി ഉൾപ്പെടുത്തിയാണ് അലൈൻമെന്റ് തയ്യാറാക്കിയത്. ഒരു തുണ്ടുഭൂമി പോലും വിട്ടുകൊടുക്കാനാവില്ലെന്നു ദക്ഷിണ റെയിൽവേ വ്യക്തമാക്കുകയും ചെയ്തു. ഇങ്ങനെ ചാപിള്ളയായ ഒരു പദ്ധതി വീണ്ടും പരിശോധിക്കാമെന്നു പറയുന്നതിന്റെ സാംഗത്യം ദുരൂഹമാണ്.
പാരിസ്ഥിതിക – സാങ്കേതിക പ്രശ്നപരിഹാരത്തെക്കുറിച്ച് പറയുന്ന മന്ത്രി സാമൂഹിക ആഘാതത്തെക്കുറിച്ച് മൗനം അവലംബിക്കുന്നു. കേരളചരിത്രത്തിലെ ഏറ്റവും വലിയ കുടിയിറക്കിന് ഇതു വഴിവെയ്ക്കും. പാരിസ്ഥിതികമായും സാമ്പത്തികമായും വൻതകർച്ചയുണ്ടാക്കുമെന്നു ഈ രംഗത്തെ വിദഗ്ദർ തന്നെ അഭിപ്രായപെട്ടിട്ടുണ്ട്.
സിൽവർ ലൈൻ കാര്യത്തിൽ ഫെഡറലിസത്തെകൂട്ടുപിടിക്കുന്ന മന്ത്രി ദുരന്തഭൂമിയിലെ സഹായത്തിനു അതു പ്രകടമാവാത്തതെന്തെന്നു കൂടി വ്യക്തമാക്കണം. പദ്ധതിക്കു വേണ്ടി അടുത്തിടെ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയ ശേഷമുണ്ടായിക്കുന്ന ഈ നയം മാറ്റത്തിന്റെ ഉള്ളുകള്ളി വ്യക്തമാണെന്നും ആരെല്ലാം അനുമതി നൽകിയാലും കേരളത്തെ മുച്ചൂടും മുടിക്കുന്ന ഈ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും 13- നു ആലുവയിൽ കൂടുന്ന സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിരോധ സംഗമം ഭാവി സമരപരിപാടികൾക്ക് രൂപം നൽകുമെന്നും പുതുശ്ശേരി പറഞ്ഞു.