തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്. ഇവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ ലഭ്യമല്ലെന്നും നോര്‍ക്ക ജനറല്‍ സെക്രട്ടറി പ്രകാശ് ജോസഫ് പറഞ്ഞു. കാണാതായ എട്ട് പേരില്‍ അഞ്ച് പേര്‍ വിദേശ പൗരത്വമുള്ളവരാണ്. ട്രാവല്‍ ഏജന്‍സി വഴി നേപ്പാളിലേക്ക് പോയവരുടെ വിവരങ്ങളും ലഭ്യമല്ലെന്നും പ്രകാശ് ജോസഫ് അറിയിച്ചു. പ്രളയം ബാധിച്ചവരെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടക്കുന്നത് കേരളത്തില്‍ നിന്നാണ്. നേപ്പാളില്‍ നിന്നും ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷിതരായി എത്തിയ മലയാളികള്‍ സ്വന്തം നിലയിലും അല്ലാതെയും നാട്ടിലേക്ക് എത്തുമെന്നും നോര്‍ക്ക അധികൃതര്‍ അറിയിച്ചു.
ഹിമവിസ്‌ഫോടനത്തെ തുടര്‍ന്നാണ് നേപ്പാളില്‍ മിന്നല്‍ പ്രളയമുണ്ടായത്. നേപ്പാള്‍-തിബറ്റ് അതിര്‍ത്തിയില്‍ ഉണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 2,500-ലധികം പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പ്രകാരം 626 പേര്‍ മരിച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുകയാണ്. മഴ തുടരുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലുകള്‍ക്കും മണ്ണിടിച്ചിലിനെ തുടര്‍ന്നുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.






























