മല്ലപ്പള്ളി : സുരക്ഷിതമായി സമ്മതിദാനാവകാശം രേഖപ്പെടുത്തിയ കോട്ടാങ്ങൽ ഗവ. എൽ.പി സ്കൂൾ അടച്ചുപൂട്ടി. അടുത്ത തെരഞ്ഞെടുപ്പിന് സമ്മതിദാനാവകാശം വിനിയോഗിക്കണമെങ്കിൽ കോട്ടാങ്ങൽ ആറാം നമ്പർ ബൂത്തിലെ വോട്ടർമാർക്ക് സ്കൂള്‍ കെട്ടിടം നന്നാക്കണം. ഇതുവരെ ബൂത്ത് പ്രവർത്തിച്ച ഗവ.എൽ.പി സ്കൂൾ കെട്ടിടമാണ് സുരക്ഷിതമല്ലെന്ന് അധികൃതർ വിധിയെഴുതിയതോടെ അടച്ചത്. കുട്ടികളെ അടുത്തുള്ള സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പുവരെ ഇവിടു വോട്ടിങ് നടത്തിയിരുന്നതായി ബി.എൽ. ഒ എം.കെ. റോസമ്മ പറയുന്നു.
എന്നാൽ ഈ അധ്യയന വർഷം ആദ്യം മുതൽ സ്കൂൾ പ്രവർത്തനം ഒഴിവാക്കി. മറ്റ് സൗകര്യം ലഭിക്കാത്തതിനാലാണ് സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നത്. ക്ലാസ് മുറികൾ ഉടൻ പൊളിച്ചുമാറ്റും. കെട്ടിടത്തിന്റെ ശോച്യാവസ്ഥ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചതായി റവന്യൂ അധികൃതരും പറയുന്നു. സ്കൂൾ പ്രവർത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിന്റെ അവസ്ഥയും ദയനീയം തന്നെ. കഴിഞ്ഞ മാസം ഇവിടെ വെള്ളം കയറിയിരുന്നു. വില്ലേജ്, ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു. സ്കൂൾ കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക മാത്രമാണ് ഏകമാർഗം.