തൃശൂർ: തൃശൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് സാബു പിടിയിൽ. കൊടുങ്ങല്ലൂർ വടക്കേനടയിൽ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് `സ്പൈഡർ സാബു’ എന്നറിയപ്പെടുന്ന സാബുവിനെ കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. വടക്കേനട സ്വദേശിയായ രാജീവിൻ്റെ പൂട്ടിക്കിടന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ട വീട്ടുടമ ഉടൻ കൊടുങ്ങല്ലൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് സംഘം മെയിൻ ഗേറ്റ് പൂട്ടിയിരുന്നതിനാൽ മതിൽ ചാടിക്കടന്ന് വീട് വളഞ്ഞു. വീടിന്റെ മുകൾനിലയിൽ വെളിച്ചം കണ്ടതോടെ പ്രതി അകത്തുണ്ടെന്ന് പോലീസ് ഉറപ്പാക്കി. പിൻവശത്തെ ജനൽ വഴി പുറത്തുകടക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. വീട്ടിൽ നിന്ന് മോഷ്ടിച്ച പണവും ഇയാളിൽ നിന്ന് കണ്ടെത്തി. പിൻവശത്തെ ജനൽ പൊളിച്ചാണ് പ്രതി വീട്ടിനുള്ളിൽ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു.
സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പിടിയിലായത് വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ‘സ്പൈഡർ സാബു’ എന്ന സാബുവാണെന്ന് തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചയ്ക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
































