ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 275 ആയി. മരിച്ചവരില്‍ 88 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയുന്നതിനായി ചിത്രങ്ങള്‍ ഒഡിഷ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയും നടത്താനാണ് തീരുമാനം. അപകടത്തില്‍ പരിക്കേറ്റ ആയിരത്തിലേറെപ്പേരില്‍ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങളും ഒഡിഷ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ട്രാക്കില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കിവരുകയാണ്. അപകടത്തില്‍ തകര്‍ന്ന ട്രാക്കിന്റെ പുനര്‍നിര്‍മാണം ഇന്ന് നടക്കും. വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. അപകടത്തില്‍ മരിച്ചവരില്‍ തിരിച്ചറിഞ്ഞ 160 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. ഇവരുടെ മൃതദേഹങ്ങള്‍ ജന്മ നാടുകളിലേക്ക് കൊണ്ടുപോകാന്‍ നടപടി തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം.