വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ആഗോള ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ഈ ആഴ്ചയിലെ ഏറ്റവും വലിയ പ്രതിവാര നേട്ടത്തിലേക്കാണ് എണ്ണവില നീങ്ങുന്നത്. ആഗോള ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് ബാരലിന് 96 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. ആഴ്ചയില്‍ ഇതുവരെ ഏഴ് ശതമാനത്തിലേറെ വില ഉയര്‍ന്നു. അമേരിക്കന്‍ ക്രൂഡ് ബെഞ്ച്മാര്‍ക്കായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ഏകദേശം 92 ഡോളറിലുമാണ്. അമേരിക്കന്‍ സൈന്യം ഇറാനെതിരെ നടത്തിയ പുതിയ ആക്രമണങ്ങളും അതിന് പിന്നാലെ ഇറാന്റെ തിരിച്ചടിയുമാണ് എണ്ണവിപണിയിലെ ആശങ്ക വര്‍ധിപ്പിച്ചത്. പ്രധാനമായും ലോകത്തിലെ നിര്‍ണായക എണ്ണ ഗതാഗതപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കത്തെ കുറിച്ചുള്ള ആശങ്കയാണ് വില ഉയരാന്‍ കാരണം. ഈ മേഖലയിലെ സംഘര്‍ഷം ദീര്‍ഘകാലം തുടര്‍ന്നാല്‍ ആഗോള എണ്ണവിതരണത്തെ തന്നെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്.
സംഘര്‍ഷം രൂക്ഷമായതോടെ ഈ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. അതോടെ വിതരണ തടസ്സത്തിന്റെ സാധ്യത കണക്കിലെടുത്ത് വ്യാപാരികള്‍ എണ്ണവിലയില്‍ അധിക ‘യുദ്ധ പ്രീമിയം’ ഉള്‍പ്പെടുത്തുകയാണ്. ഇതിനൊപ്പം മിഡില്‍ ഈസ്റ്റിലെയും റഷ്യയിലെയും ചില എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരിട്ട നാശനഷ്ടങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അധിക ഉല്‍പ്പാദന ശേഷി പരിമിതമായതിനാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടാല്‍ അത് പൂര്‍ണമായി നികത്താന്‍ എളുപ്പമാകില്ലെന്നാണ് വിപണിയുടെ വിലയിരുത്തല്‍.































