മസ്കറ്റ്: ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കാന്‍ ഒമാന്‍ എയര്‍ പ്രത്യേക സര്‍വീസ് നടത്തും. ഞായറാഴ്ച പുലര്‍ച്ചെ 2.15ന് ഒമാന്‍ എയര്‍ മസ്കറ്റില്‍ നിന്ന് കരിപ്പൂരിലേക്കാണ് പ്രത്യേക വിമാന സര്‍വീസ് നടത്തുന്നത്. അബുദാബി, ദുബായ്, ബഹ്റിന്, ദോഹ, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വിമാനത്തിന് കണക്ഷന് ലഭ്യമാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 7.10ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. രാവിലെ 8.10നായിരിക്കും വിമാനം തിരികെ പറക്കുക. മടക്കയാത്രയില്‍ ഒമാന്‍ പൗരന്മാര്ക്ക് മാത്രമാവും യാത്ര അനുവദിക്കുക. മസ്കറ്റില്‍ ഇനി യാത്ര വിലക്കിന് അവസാനിച്ചതിന് ശേഷമെ ഒമാനില്‍ നിന്ന് വിമാന സര്‍വീസ് പുനഃരാരംഭിക്കുക. കോവിഡ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങളെല്ലാം രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഒമാനില്‍ 48 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.