ചെന്നൈ : ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്ന് കടക്കെണിയിലായ യുവാവ് ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ചെന്നൈ തുറപ്പാക്കം സ്വദേശി മണികണ്ഠന്‍ (36), ഭാര്യ താര (35), മക്കളായ ധരണ്‍ (10), ധഗന്‍ (1) എന്നിവരാണ് മരിച്ചത്. താരയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം മണികണ്ഠന്‍ തൂങ്ങി മരിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് നാല് പേരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഭാര്യയെ ബാറ്റ് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ ശേഷം മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച ഏറെ നേരമായിട്ടും ആരേയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഇവരെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. സംശയം തോന്നിയതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഫ്‌ളാറ്റിലെത്തി നടത്തിയ പരിശോധനയിലാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.






























