തിരുവനന്തപുരം: വി.ഡി.സതീശനോ, രമേശ് ചെന്നിത്തലയോ? ആരാവും പുതിയ പ്രതിപക്ഷ നേതാവ്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തീരുമാനം വൈകുന്നത് പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ കാരണമെന്നാണ് സൂചന. വി.ഡി.സതീശനായി യുവനേതാക്കള്‍ നിലയുറപ്പിക്കുമ്പോഴും എ ഗ്രൂപ്പിന്റെ സ്വരമായ ഉമ്മന്‍ ചാണ്ടി ചെന്നിത്തലയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കിയതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് കരുതുന്നു. ചെന്നിത്തല മാറണമെന്ന് ആവശ്യപ്പെടുന്നവരുടേത് വെറും ആവേശം മാത്രമാണെന്നും പാര്‍ട്ടിയെ ചലിപ്പിക്കാന്‍ അതു മതിയാവില്ലെന്നും ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന. ഉമ്മന്‍ ചാണ്ടിയുമായും കേരളത്തിലെ മറ്റു നേതാക്കളുമായും സംസാരിച്ച് ഇന്നു തന്നെ നേതൃത്വം തീരുമാനത്തിലെത്തിയേക്കും.
പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരാന്‍ ചെന്നിത്തലയും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥാനം ഒഴിയുന്നത് പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ തന്റെ പേരില്‍ വരുന്നതിനു തുല്യമാവുമെന്നാണ് ചെന്നിത്തല കരുതുന്നത്. ഇക്കാര്യം അദ്ദേഹം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചെന്നിത്തല കഴിഞ്ഞ ടേമില്‍ നന്നായി പ്രവര്‍ത്തിച്ചുവെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. തലമുറമാറ്റം അനിവാര്യമാണെന്നാണ് യുവനേതാക്കളുടെ വാദം. എന്നാല്‍ ഈ പറയുന്നതില്‍ ഒരുകഴമ്പും ഇല്ലെന്ന് മറുവിഭാഗം പറയുന്നു. 64 വയസ്സുള്ള രമേശ് ചെന്നിത്തലക്ക് പകരം കൊണ്ടുവരുന്ന വി.ഡി.സതീശന് 60 വയസ്സായി എന്നും ഇവര്‍ വാദിക്കുന്നു. നാലുവയസ്സിന്റെ വ്യത്യാസമാണോ തലമുറ മാറ്റം എന്നുപറയുന്നത് എന്നാണ് ഇവരുടെ ചോദ്യം.
അതിനിടെ ഉമ്മന്‍ ചാണ്ടിയെ കെപിസിസി നേതൃത്വത്തില്‍ കൊണ്ടുവന്നുള്ള മാറ്റവും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി വിസമ്മതിച്ചു.