തിരുവനന്തപുരം : കോര്പറേഷന് ആസ്ഥാനത്തും വിവിധ സോണല്‍ ഓഫിസുകളിലും കഴിഞ്ഞദിവസം വിജിലന്‍സ് നടത്തിയ ‘ഓപറേഷന് നിര്മാണ്’ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍. കോര്‍പറേഷനിലെ റവന്യൂവിഭാഗത്തില്‍ ബില്‍ഡിങ് ടാക്സ് അസസ്മെന്റ്, ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിച്ച 611 അപേക്ഷകള്‍ റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍ തീര്‍പ്പാക്കാതെ വെച്ചിരിക്കുന്നതായി കണ്ടെത്തി. ഇതിനുപുറമെ 81 പരസ്യ ബോര്‍ഡുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്നും ആരോഗ്യവിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ കടകളുടെ ലൈസന്‍സിനും മറ്റുമായും സമര്‍പ്പിച്ച 2014 മുതലുള്ള അപേക്ഷകളും ഉള്‍പ്പെട്ടിട്ടുള്ളതായും കണ്ടെത്തി.
മരാമത്ത് വിഭാഗത്തില്‍ നടത്തിയ പരിശോധയില്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ എന്‍ജിനീയര്‍മാര്‍ ഒപ്പിട്ട് നല്കിയ ബഹുനില കെട്ടിടങ്ങള്‍ക്കായുള്ള അപേക്ഷകളില്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളതായും അനുവദിച്ച പെര്‍മിറ്റുകള്‍ അപേക്ഷകന് കൈമാറാതെ മാറ്റിവെച്ചിരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. കഴക്കൂട്ടം സോണല്‍ ഓഫിസ് മരാമത്ത് വിഭാഗത്തിലെ പരിശോധനയില്‍ ചില ഫ്ലാറ്റ് ഉടമകള്‍ ഓക്കുപെന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം സ്ഥലത്ത് അനധികൃത നിര്‍മാണങ്ങള്‍ നടത്തിയതായും ആറ്റിപ്ര സോണല്‍ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ കോര്‍പറേഷനില്‍ ഉപയോഗിക്കുന്ന ഒരു വാഹനത്തിെന്റ ലോഗ് ബുക്കില്‍ കാണിച്ച കിലോമീറ്റര്‍ റീഡിങ്ങിനെക്കാള്‍ 1382 കി.മീ കുറവാണ് വാഹനത്തിന്റെ സ്പീഡോമീറ്ററില്‍ ഉള്ളതെന്നും ഇപ്രകാരം ലോഗ് ബുക്കില്‍ തിരിമറി നടത്തുന്നതായും കണ്ടെത്തി. മരാമത്ത് വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും കൈവശമുള്ള കാഷ് രേഖപ്പെടുത്തേണ്ട രജിസ്റ്ററില്‍ കൈവശമുള്ള തുകയെക്കാള്‍ പല മടങ്ങ് തുക കൂടുതലായി രേഖപ്പെടുത്തുന്നതായും ഇത് അതത് ദിവസത്തെ കൈക്കൂലി തുക കൂടി കണ്ട് രേഖപ്പെടുത്തുന്നതാണെന്നും വിജിലന്‍സ് കണ്ടെത്തി.
വിഴിഞ്ഞം സോണല്‍ ഓഫിസില്‍ കഴിഞ്ഞ മാസം 29ന് പിരിച്ച തുക നാളിതുവരെ ട്രഷറിയില്‍ അടച്ചിട്ടില്ലെന്നും കോര്പറേഷന് വാഹനങ്ങളുടെ ലോഗ് ബുക്ക് പരിപാലിക്കുന്നില്ലെന്നും കടകംപള്ളി സോണല്‍ ഓഫിസില്‍ നടത്തിയ 2019 ല്‍ രണ്ടര സെന്റ് ഭൂമിയില്‍ നിര്‍മിച്ച കെട്ടിടത്തിന് ഓക്കുപെന്‍സി സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച അപേക്ഷയിന്മേല് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കോര്പറേഷന് ഓഫിസിലും അനുബന്ധ സോണല്‍ ഓഫിസുകളിലും കണ്ടെത്തിയ അപാകതകളെപ്പറ്റി സ്ഥല പരിശോധന ഉള്‍പ്പെടെ നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി വിശദമായ റിപ്പോര്‍ട്ട് മേല്‍നടപടികള്‍ക്കായി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍ അറിയിച്ചു.





























