തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ കൂടാതെ ഒരുപാട് പ്രധാനപ്പെട്ട ആളുകളെക്കുറിച്ച് അന്വേഷണം നടക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഇത് ആരൊക്കെയെന്ന് അറിയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
താന്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം കട്ടവരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കില്ല എന്ന വാശിയാണ് സിപിഐഎമ്മിന്. കേസില്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്ന, കോടതി ജാമ്യം തള്ളിയ പ്രതികളെ സംരക്ഷിക്കുകയാണ് സിപിഎം. ജയിലിലായ ആളുകളെ ഭയക്കുന്ന പാര്‍ട്ടിയായി സിപിഎം മാറി. അവര്‍ കൂടുതല്‍ പേരുകള്‍ പറയുമോ എന്നതാണ് സിപിഐഎമ്മിന്റെ ഭയമെന്നും വി ഡി സതീശന്‍ പറഞ്ഞു.






























