പത്തനംതിട്ട : കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ വിജയത്തിനായും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിനും യുവജനങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമായി രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് തൂഫാൻ വാരിയേഴ്സ്. തിരഞ്ഞെടുക്കപ്പെട്ട തൂഫാൻ വാരിയേഴ്സിനായുള്ള പരിശീലന പരിപാടി മെയ് 22 തിങ്കളാഴ്ച രാവിലെ 9 30 മണി മുതൽ പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട എംപി ശ്രീ. ആന്റോ ആന്റണി നിർവഹിക്കും. ആറന്മുള എംഎൽഎ ശ്രീ. അബിൻ വർക്കി അധ്യക്ഷൻ ആകുന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് സ്വാഗതം ആശംസിക്കും.
റാന്നി എംഎൽഎ ശ്രീ. പഴകുളം മധു , തിരുവല്ല എംഎൽഎ അഡ്വക്കേറ്റ് ശ്രീ. വർഗീസ് മാമൻ , അടൂർ എംഎൽഎ അഡ്വക്കേറ്റ് ശ്രീ. സി വി ശാന്തകുമാർ , കോന്നി എംഎൽഎ അഡ്വക്കേറ്റ് ശ്രീ. കെ യു ജിനേഷ് കുമാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ദിനാമ്മ റോയ് , ജില്ലാ കളക്ടർ ശ്രീ. നിസാമുദ്ദീൻ എ ഐഎഎസ് തുടങ്ങി ഔദ്യോഗിക രംഗത്തും സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. ഷിബു പിഎൽ , കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ ശ്രീ സന്ദേഷ് പി.ടി. , മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലെ സൈക്യാട്രി വിഭാഗം മേധാവി ഡോക്ടർ ശ്രീ. ബോബി ചെറിയാൻ സക്കറിയ എന്നിവർ ക്ലാസുകൾ നയിക്കും. ചടങ്ങിന് അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ. വിജയൻ ടി.ബി നന്ദി അർപ്പിക്കും.
ലഹരിക്കെതിരായ പോരാട്ടത്തിൽ സ്വമേധയാ പങ്കാളികളാകുന്ന പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, യുവജന പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരാണ് തൂഫാൻ വാരിയേഴ്സ്.
തൂഫാൻ വാരിയേഴ്സിന്റെ ദൗത്യങ്ങൾ
1.ലഹരിവിരുദ്ധ സന്ദേശങ്ങൾ സമൂഹത്തിൽ എത്തിക്കുക.
2.കുട്ടികളെയും യുവാക്കളെയും ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക.
3. ലഹരി ഉപയോഗം, വിൽപ്പന, കടത്ത് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നിയമപരമായി ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
4.സ്കൂളുകളിലും കോളേജുകളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സഹായിക്കുക.
5.ലഹരിമുക്ത കുടുംബവും ലഹരിമുക്ത സമൂഹവും സൃഷ്ടിക്കുന്നതിൽ പങ്കാളിയാകുക എന്നിവ ആയിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇത്തരത്തിൽ യുവജനങ്ങളെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരത്തുക വഴി മാത്രമേ ലഹരി വിപത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ ആകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





























