പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം ഇടതുപക്ഷത്തിന് അനുകൂലമാകുകയാണ്. ആദ്യഘട്ടത്തില്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേത്രുത്വം നല്‍കുന്ന യു.ഡി.എഫ് തൂത്തുവാരുമെന്ന സ്ഥിതി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ അഞ്ചു മണ്ഡലങ്ങളും യു.ഡി.എഫിന് കണികാണാന്‍ കിട്ടുമെന്ന് തോന്നുന്നില്ല. യു.ഡി.എഫിലെ പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉടലെടുത്ത അമിത ആത്മവിശ്വാസവും അധികാരമോഹവുമാണ് ഇതിനുകാരണം. സര്‍വ്വേകള്‍ പലതു നടത്തിക്കഴിഞ്ഞപ്പോള്‍ വിജയപ്രതീക്ഷ വിട്ട് പത്തനംതിട്ടയിലെ അഞ്ചു മണ്ഡലങ്ങളിലും വിജയിച്ച പ്രതീതിയാണ് പലരും പുറത്തുകാട്ടിയത്. കുട്ടിനേതാക്കള്‍ക്ക് വരെ സ്ഥാനാര്‍ഥിയാകുവാന്‍ മോഹം. പത്രക്കാരെയും ചാനലുകാരെയും രഹസ്യമായികണ്ട് സ്വയം സ്ഥാനാര്‍ഥിയായി മാറി. ഇത് ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കി.
ഭരണവിരുദ്ധ വികാരത്തില്‍ യു.ഡി.എഫ് അനുകൂല തരംഗം കേരളത്തില്‍ അങ്ങോളമിങ്ങോളം ഉടലെടുത്തിരുന്നു. പത്തനംതിട്ട ജില്ലയിലും ഇടതുപക്ഷത്തിനെതിരെ ശക്തമായ വികാരം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന് മങ്ങലേറ്റിട്ടുണ്ട്. ശബരിമല സ്വര്‍ണ്ണക്കൊള്ളയും ആരോഗ്യമന്ത്രിയുടെ വിഷയങ്ങളും പത്തനംതിട്ടയില്‍ ഭരണവിരുദ്ധവികാരം ആളിക്കത്തിച്ചു. എന്നാല്‍ ഇതൊക്കെ വോട്ടുകളാക്കി പെട്ടിയിലാക്കുവാന്‍ യു.ഡി.എഫിന് കഴിയുമോ എന്നാണ് കാണേണ്ടത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുവാനുള്ള മാനദണ്ഡം വിജയസാധ്യത മാത്രമാണെന്ന് നൂറുവട്ടം പറഞ്ഞ മുതിര്‍ന്ന നേതാക്കള്‍വരെ പിന്നീട് ഇത് വിഴുങ്ങി. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും സീറ്റ് ഉറപ്പിച്ചു. ഏതു കുറ്റിച്ചൂല്‍ നിന്നാലും ജയിക്കുമെന്നും വോട്ടര്‍മാര്‍ ജയിപ്പിക്കുമെന്നും ഇവര്‍ കരുതുന്നു.
വിജയിക്കില്ലെന്ന് അറിയാമെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ വല്ലാത്തമോഹമാണ് ചിലര്‍ക്ക്. ഇവിടെ ജാതിയും മതവും നിറവും ഗ്രൂപ്പുമൊക്കെ നോക്കും. തിരുവല്ല മണ്ഡലം യു.ഡി.എഫ് ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഉള്ളതാണ്. എന്നാല്‍ ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു ആദ്യമുറവിളി. ഇത് ഉയര്‍ത്തിയതാവട്ടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി.ജെ. കുര്യനും. ഇദ്ദേഹത്തിന്റെ ശിങ്കിടിക്ക് മത്സരിക്കുവാന്‍ തിരുവല്ല മണ്ഡലം ഒരുക്കുന്നതിനുവേണ്ടിയായിരുന്നു ഈ കുത്തിത്തിരുപ്പ്. എന്തായാലും ഈ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് ജോസഫ് ഗ്രൂപ്പ് തന്നെ തിരുവല്ലയില്‍ മത്സരിക്കും. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.വര്‍ഗീസ് മാമ്മന്‍ ആണ് ഇവിടെ സ്ഥാനാര്‍ഥി.
കോണ്‍ഗ്രസ് മത്സരിക്കുന്ന റാന്നി മണ്ഡലത്തില്‍ ഇപ്പോഴും ചിത്രം തെളിഞ്ഞിട്ടില്ല. തുടക്കത്തില്‍ നിരവധി സ്ഥാനാര്‍ഥിമോഹികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ടുപേരിലേക്ക് പട്ടിക ഒതുങ്ങിയിട്ടുണ്ട്. കഴിഞ്ഞതവണ മത്സരിച്ചു പരാജയപ്പെട്ട റിങ്കു ചെറിയാനും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധുവുമാണ് അവസാന റൌണ്ടില്‍. കഴിഞ്ഞപ്രാവശ്യം വാശിയേറിയ മത്സരം റിങ്കു ചെറിയാന്‍ കാഴ്ചവെച്ചിരുന്നു. വെറും 1285 വോട്ടിനാണ് പ്രമോദ് നാരായണനോട് റിങ്കു ചെറിയാന്‍ പരാജയം സമ്മതിച്ചത്. യു.ഡി.എഫിന് അനുകൂല സാഹചര്യം നിലനിക്കുന്നതിനാല്‍ റിങ്കു ചെറിയാന്‍ ഇവിടെ വീണ്ടും മത്സരിച്ചാല്‍ വിജയസാധ്യത കൂടുതലാണ്. നിലവില്‍ ഇടതുപക്ഷ എം.എല്‍.എ പ്രമോദ് നാരായണന്റെ ജനപ്രീതി കുറഞ്ഞിരിക്കുന്ന അവസരത്തില്‍ യു.ഡി.എഫിന് റാന്നി സീറ്റ് പിടിച്ചെടുക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല. റിങ്കു ചെറിയാന്‍ റാന്നി മണ്ഡലത്തില്‍ സുപരിചിതനും ജനകീയനുമാണ്. എന്നാല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധുവും റാന്നി സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു. സീറ്റിനുവേണ്ടി നേതാക്കള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ അണികളില്‍ വിഭാഗീയത ഉടലെടുക്കും. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുവാനും സാധ്യത ഏറെയാണ്.
പത്തനംതിട്ട ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന ആറന്മുള മണ്ഡലം കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രധാന മണ്ഡലമാണ്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആണ് എതിരാളി. മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വ്യക്തമായ സ്വാധീനം ഇവര്‍ക്കുണ്ട്. കൂടാതെ ഇവരുടെ ജന്മനാടും പത്തനംതിട്ടയാണ്. അതുകൊണ്ടുതന്നെ കരുത്തുറ്റ ഒരു സ്ഥാനാര്‍ഥി യു.ഡി.എഫിന് ഉണ്ടായെങ്കില്‍ മാത്രമേ വീണാ ജോര്‍ജ്ജിനെ പരാജയപ്പെടുത്തുവാന്‍ കഴിയു. ഇവിടെ ഏറ്റവും അനുയോജ്യം അബിന്‍ വര്‍ക്കി തന്നെയാണ്. അന്തിമ പട്ടികയില്‍ അബിന്‍ വര്‍ക്കി തന്നെയാണെന്നാണ് വിവരം. ശക്തമായ മത്സരം ഇവിടെ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പി.മോഹന്‍രാജ്, പ്രൊ.സതീഷ് കൊച്ചുപറമ്പില്‍, എ.സുരേഷ് കുമാര്‍ എന്നിവരും ഇവിടെ മത്സരിക്കുവാന്‍ യോഗ്യരാണ്.
അടൂര്‍ സംവരണ മണ്ഡലമാണ്. ബാബു ദിവാകരന്‍, വി.റ്റി. അജോമോന്‍, സജിത കണ്ണന്‍, അനന്തു ബാലന്‍ എന്നിവരെയാണ് അടൂരില്‍ ആദ്യം പരിഗണിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ അടൂരില്‍ മത്സരിച്ച യൂത്ത് കോണ്ഗ്രസ് പത്തനംതിട്ട ജില്ല കമ്മറ്റിയുടെ മുന്‍ പ്രസിഡണ്ട് പരേതനായ എം.ജി കണ്ണന്റെ ഭാര്യ സജിത കണ്ണന്റെ പേര് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ഇവര്‍ക്ക് മത്സരിക്കുവാന്‍ താല്‍പ്പര്യം ഇല്ലെന്ന് പറഞ്ഞതായാണ് വിവരം. ഇതിനെത്തുടര്‍ന്ന് ഇപ്പോള്‍ രമ്യ ഹരിദാസിന്റെ പേര് പരിഗണിക്കുന്നുണ്ട്. എന്തായാലും അടൂരില്‍ ഈ വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഇരുമുന്നണികളും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നതില്‍ സംശയമില്ല.
കോന്നിയില്‍ അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥിയാകുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം. സിറ്റിംഗ് എം.എല്‍.എ ജെനീഷ് കുമാറിനോട് മത്സരിച്ച് മണ്ഡലം തിരിച്ചുപിടിക്കാന്‍ കോന്നിയില്‍ അടൂര്‍ പ്രകാശ് വന്നാല്‍ മാത്രമേ കഴിയു. ഇക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്റിനും വ്യക്തമായിട്ടുണ്ട്. നിലവില്‍ ആറ്റിങ്ങല്‍ എം.പിയാണ് അടൂര്‍ പ്രകാശ്. എം.പി.മാര്‍ മത്സരിക്കേണ്ട എന്ന തീരുമാനം എ.ഐ.സി.സി സ്വീകരിച്ചിട്ടുണ്ടെങ്കിലും പ്രത്യേക ഇളവുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നുതന്നെയാണ് വിവരം. കോന്നിയില്‍ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും വിജയസാധ്യത കുറവാണ്.
































