തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കല്‍ ഓക്‌സിജന്‍ നിര്‍മാണം കൂട്ടി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നിര്‍മാണം വര്‍ദ്ധിപ്പിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാനാണ് നടപടി. സമൂഹവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ കൂടുതല്‍ വേണ്ടിവരുമെന്നതിനാലാണ് നിര്‍മാണം കൂട്ടാനായി കേന്ദ്രം നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ 161 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇതിനോടകം സ്‌റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. കൂടാതെ 10 ടണ്‍ വരെ ഓക്‌സിജന്‍ സംഭരിക്കാവുന്ന ആശുപത്രികളിലെ സംഭരണികളിലെല്ലാം ഓക്‌സിജന്‍ സംഭരിക്കുന്നുണ്ട്. ഓക്‌സിജന്‍ നിര്‍മ്മിക്കുന്ന രണ്ട് പ്രധാന പ്ലാന്റുകള്‍ പാലക്കാട്ടെ ഇനോക്‌സ് ഇന്ത്യയും കൊച്ചിയിലെ ലിന്‍ഡേയും ആണ്. വിവിധ ജില്ലകളിലായി 19 ചെറു പ്ലാന്റുകളുമുണ്ട്.
ഒരു ദിവസം 84 മെട്രിക് ടണ്‍ ഓക്‌സിജനിപ്പോള്‍ വില്‍ക്കുന്നുണ്ട്. അതേസമയം സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്റെ കുറവ് ഉണ്ടെന്നാണ് ഐഎംഎ വിലയിരുത്തുന്നത്. ഓക്‌സിജന്‍ കൂടുതല്‍ വേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ എത്തിക്കാനായി കന്യാകുമാരി മംഗലാപുരം എന്നിവിടങ്ങളിലെ കമ്പനികളുമായി ധാരണയിലുമെത്തിയിട്ടുണ്ട്.