കോഴിക്കോട്: ഇടതുപക്ഷം ഉണ്ടാക്കിയ വികസന തടസ്സങ്ങളാണ് കേരളത്തെ പത്ത് വർഷത്തോളം പിന്നോട്ടടിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മഷിയിട്ടു നോക്കിയാൽ പറയാൻ ഒരു വികസനവുമില്ലെന്നും ഭരണ മാറ്റത്തിലൂടെ യുഡിഎഫ് ഈ തകർച്ചകളെല്ലാം റിപ്പയർ ചെയ്ത് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ വൻതോതിൽ വിദേശങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ഒഴുകുന്നത് തടയാൻ യുഡിഎഫ് സർക്കാർ ശക്തമായ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ രംഗത്തും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും എൽഡിഎഫ് സർക്കാർ വരുത്തിയ വൻ പരാജയമാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഇടതുപക്ഷത്തിന് കേരളത്തിൻ്റെ വികസനത്തിൽ ഇനി ബ്ലോക്കുണ്ടാക്കാൻ സാധിക്കില്ല. അത്രയും വലിയ പരാജയമാണ് അവർക്കുണ്ടായത്. സ്ത്രീകളുടെ മുന്നേറ്റത്തിനും അവകാശങ്ങൾക്കും വേണ്ടി മുസ്ലിം ലീഗ് കേവലം അധരവ്യായാമം നടത്തുകയല്ല, മറിച്ച് പ്രയോഗത്തിൽ കാര്യങ്ങൾ ചെയ്തു കാണിക്കുകയാണ് ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിന് കീഴിൽ പാർട്ടി തകർപ്പൻ പ്രകടനമാണ് തെരഞ്ഞെടുപ്പിൽ കാഴ്‌ചവെച്ചത്. മുന്നണി ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമായി മുൻകാല തിരഞ്ഞെടുപ്പ് റെക്കോർഡുകളെല്ലാം തകർത്തുകൊണ്ട് ജനങ്ങൾ യുഡിഎഫിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.































