ശ്രീനഗർ: നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യൻ പൗരന്മാരോട് പാക് പട്ടാളത്തിന്‍റെ കൊടും ക്രൂരത. ജമ്മുകാശ്മീരിലെ പൂഞ്ചിൽ വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ടു പോർട്ടർമാരിൽ ഒരാളുടെ തല പാകിസ്ഥാന്‍റെ ബോർഡർ ആക്‌ഷൻ ടീം (ബാറ്റ്) അറത്തുകൊണ്ടുപോയെന്ന് സൈന്യം അറിയിച്ചു.
ഗുർപുരിലെ കസാലിയാനിൽനിന്നുള്ള മുഹമ്മദ് അസ്‌ലം (28), അൽത്താഫ് ഹുസൈൻ (23) എന്നീ സേനാ പോർട്ടർമാരാണ് കൊല്ലപ്പെട്ടത്. ഇവരിൽ അസ്‌ലത്തിന്‍റെ തലയാണ് അറുത്തത്. പ്രൊഫഷണലിസമുള്ള സേനകൾ ഇത്തരം പൈശാചിക കൃത്യങ്ങൾ ചെയ്യില്ലെന്നും ഇങ്ങനെയുള്ള പ്രവൃത്തികളെ സൈനികമായി നേരിടുമെന്നും കരസേനാ മേധാവി ജനറൽ എം.എം നരവണെ പറഞ്ഞു.
ഇന്ത്യൻ പൗരന്മാർ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നത് ഇതാദ്യമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കരസേനാ മേധാവി വ്യക്തമാക്കി. ഇന്ത്യൻ പട്ടാളക്കാരോട് ഇതിലും ക്രൂരമായ രീതിയിൽ പണ്ടും പാകിസ്ഥാൻ സൈന്യം പെരുമാറിയിട്ടുണ്ട്. ഇത്തരം പ്രാകൃതവും കിരാതവുമായ നടപടികൾ അഭിമാനമുള്ള ഒരു സൈന്യവും ചെയ്യുകയില്ല, അതു കൊണ്ടുതന്നെ ഇന്ത്യൻ സൈന്യം സൈന്യത്തിന്‍റെതായ രീതിയിൽ തീർച്ചയായും ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും നരവനെ പറഞ്ഞു.