കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. പൂജപ്പുരയിലെ സ്പെഷ്യൽ യൂണിറ്റ് മുമ്പാകെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദേശം. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി ലഭിച്ചതോടെയാണ് ചോദ്യം ചെയ്യലിന് അവസരമൊരുങ്ങിയത്. കരാറിന് വിരുദ്ധമായി 8.25 കോടി രൂപ നിർമാണക്കരാർ കിട്ടിയ കമ്പനി ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പ്രി ബിഡ് യോഗ തീരുമാനത്തിന് വിരുദ്ധമായി തുക മുൻകൂർ അനുവദിച്ചത് ഇബ്രാഹിം കുഞ്ഞിന്റെ സമ്മർദത്തെ തുടർന്നാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ നാലാം പ്രതിയുമായ ടി ഒ സൂരജ് മൊഴി നൽകിയിരുന്നു. മന്ത്രിയായിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ട 140 രേഖകൾ അഴിമതിക്ക് തെളിവായി വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
പാലം നിർമാണത്തിലെ എല്ലാ തീരുമാനങ്ങളും മന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റോഡ് ഫണ്ട് ബോർഡിന്റെയും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെയും ഫയലുകൾ മന്ത്രി കണ്ടിരുന്നു. ഒപ്പം സുപ്രധാന തീരുമാനങ്ങളുടെ മിനിറ്റ്സിൽ മന്ത്രിയുടെ ഒപ്പുമുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ അറസ്റ്റിലേക്ക് നീങ്ങാമെന്നാണ് വിജിലൻസിന്റെ തീരുമാനം.