കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിജിലന്‍സ് പ്രതി ചേര്‍ത്തു. പുതുതായി ആറ് പേരെയാണ് പ്രതി ചേര്‍ത്തത്. പാലം നിര്‍മ്മാണത്തിനായി കരാറുകാരന് വായ്പ അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും കേസില്‍ പ്രതികളാക്കി. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് പ്രതി ചേര്‍ത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, അണ്ടർ സെക്രട്ടറി ലതാകുമാരി, അഡീഷണൽ സെക്രട്ടറി സണ്ണി ജോണ്‍, ഡെപ്യൂട്ടി സെക്രട്ടറി പി എസ് രാജേഷ്, കിറ്റ്കോയുടെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് അഴിമതി കേസില്‍ പ്രതി ചേര്‍ത്തത്. ഇതോടെ കേസിലെ പ്രതികളുടെ പതിനേഴായി.
അതേസമയം പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാനുള്ള മെഡിക്കൽ ബോർഡിന്റെ വിശദാംശങ്ങളിൽ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് പറയും. ബോർഡിൽ ഉൾപ്പെടുത്തേണ്ട ഡോക്ടർമാരുടെയും പരിശോധന വിഷയങ്ങളുടെയും റിപ്പോർട്ട് സമർപ്പിക്കാൻ കോടതി വിജിലൻസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും കസ്റ്റഡി അപേക്ഷയിൽ കോടതി ചൊവ്വാഴ്ച തീരുമാനം എടുക്കുക. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നടക്കമുള്ള ഡോക്ടർമാർ സംഘത്തിലുണ്ടാകും.