പത്തനംതിട്ട : നഗരത്തിലെ ട്രാഫിക് പരിഷ്കാരങ്ങളുടെ ഭാഗമായി ജനറൽ ആശുപത്രിക്ക് സമീപമുള്ള ഡോക്ടേഴ്സ് ലെയിനിലെ പാർക്കിംഗ്, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിരോധിച്ചു. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ ചേർന്ന റെഗുലേറ്ററി കമ്മിറ്റിയിലാണ് തീരുമാനം. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്ന ജനറൽ ആശുപത്രിലേക്കുള്ള ഡോക്ടേഴ്സ് ലെയിൻ മുന്പ് വൺവേ ആയി പ്രഖ്യാപിച്ചിരുന്നു. ഈ വഴിയിലെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പാർക്കിംഗ് അത്യാഹിത വിഭാഗത്തിലേക്ക് അടക്കം വരുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
കാതോലിക്കേറ്റ് കോളേജ് ജംഗ്ഷനിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിന് റംപിൾ സ്ട്രിപ്സ് സ്ഥാപിക്കാൻ ദേശീയപാത അഥോറിറ്റി കൊല്ലം വിഭാഗത്തിന് നിർദേശം നൽകും. കോളേജ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് പുനഃക്രമീകരിക്കുന്നതിനും ട്രാഫിക് പൊതുമരാമത്ത് വകുപ്പുകൾക്ക് റെഗുലേറ്ററി കമ്മിറ്റി ഉത്തരവ് നൽകി. സുഗമമായ ഗതാഗതത്തിന് അബാൻ ജംഗ്ഷനിലെ സർവീസ് റോഡുകൾ എത്രയും വേഗത്തിൽ പൂർത്തീകരിക്കാനും അതുവരെ താത്കാലിക സംവിധാനം ഒരുക്കാനും കെആർഎഫ്ബിയോടു നിർദ്ദേശിച്ചു. ജനറൽ ആശുപത്രി ജംഗ്ഷനിൽ വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് ഹോം ഗാർഡിനെ നിയമിക്കാൻ ശിപാർശ നൽകിയിട്ടുണ്ട്. അപകടകരമായ നിലയിൽ ഇലക്ട്രിക് പോസ്റ്റുകളിൽ തറനിരപ്പിലേക്ക് ചുറ്റിക്കിടക്കുന്ന കേബിളുകൾ അടിയന്തിരമായി നീക്കം ചെയ്യാൻ പൊതുമരാമത്ത് കെഎസ്ഇബി വകുപ്പുകൾക്കും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിർദേശം നൽകി. ജില്ലാ കളക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടേയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.





























