കോട്ടയം: കറുകച്ചാലില്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയുടെ കൊലപാതകത്തിന് പിന്നാലെ ഭര്‍ത്താവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് ഷിനോ മാത്യുവിനെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഇയാളെ നില ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പരാതിക്കാരിയെ ഇന്ന് രാവിലെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയത് ഭര്‍ത്താവ് ഷിനോ മാത്യുവാണെന്നാണ് വിവരം. യുവതിയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നാല് സ്‌ക്വാഡുകളായി ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഇയാളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് രക്തംവാര്‍ന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത് മക്കളാണ്. മക്കള്‍ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തുപോയിരിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ അമ്മയെ കണ്ടത്. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം.