പത്തനംതിട്ട : ജില്ലാ ലൈബ്രറി വികസന സമിതി നേതൃത്വത്തിൽ പത്തനംതിട്ട പുസ്തകോത്സവം 5,6,7 തീയതികളിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. 5ന് രാവിലെ 10ന് അഡ്വ.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു മുഖ്യാതിഥി ആയിരിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.ആനന്ദൻ സ്വാഗതം പറയും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി. ജയൻ വായനാസന്ദേശം നൽകും. കൈപ്പട്ടൂർ തങ്കച്ചൻ എഴുതിയ കഫീൽ, വൈറസ്, വാസന്തി നമ്പൂതിരി എഴുതിയ വസന്തഗീതങ്ങൾ, പൊൻ നീലൻ എഴുതിയ പിച്ചിപ്പു എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.
ഉച്ചയ്ക്ക് 2.30ന് കവിസമ്മേളനം കവി ഡോ.സി.രാവുണ്ണി ഉദ്ഘാടനം ചെയ്യും. കോന്നിയൂർ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 6ന് രാവിലെ 10 ന്‌നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുതിർന്ന ലൈബ്രറി പ്രവർത്തകരെ ആദരിക്കും. സുജാത കെ.പിള്ളയുടെ പെണ്ണ് പൂക്കുന്നിടം എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. ഉച്ചയ്ക്ക് 12ന് അഡ്വ.കെ.അനന്തഗോപൻ എഴുതിയ ഓർമ്മകളുടെ വസന്തം എന്ന പുസ്തകത്തിന്റെ ചർച്ചയിൽ ബിനു ജി.തമ്പി പുസ്തകാവതരണം നടത്തും. ഉച്ചയ്ക്ക് 2ന് ബാലവേദി സംഗമം. 7ന് രാവിലെ 10ന് നടക്കുന്ന വനിതാസംഗമം കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 2ന് സമാപന സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.