കോന്നി : ജോലിക്കിടയിൽ വലതുകൈക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ബധിരനായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. ചിറ്റാർ വാലേൽപടി വടക്കേക്കര വീട്ടിൽ സജിയാണ്(44) ചികിത്സാ സഹായം തേടുന്നത്. കൂലിപ്പണിയും കോൺക്രീറ്റ് ജോലികളും ചെയ്ത് കുടുംബം പുലർത്തിയിരുന്ന സജി കിടപ്പിലായതോടെ നിത്യ വൃത്തിക്കുപോലും വഴിയില്ലാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം.
കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന യുവാവിൻറെ ജീവിതവും ഇതോടെ വഴിമുട്ടി. നവംബർ ഒന്നിനാണ് സജി അപകടത്തിൽ പെടുന്നത്. കോൺക്രീറ്റ് ജോലികൾ ചെയുന്നതിനിടെ മിക്സർ മിഷീനിൽ വലതുകൈ കുരുങ്ങി അപകടത്തിൽ പെടുകയായിരുന്നു. ദിവസങ്ങളോളം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിന്റെ വലതുകൈ മുട്ടിനുമുകളിൽ വെച്ച് മുറിച്ചുമാറ്റുകയും ചെയ്തു. സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത യുവാവ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാരുണ്യംകൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയത്.
ഭിന്നശേഷിക്കാരിയായ ഭാര്യ പ്രസന്നയാണ് സജിയെ പരിചരിക്കുന്നത്. മകൾ ശ്രീബാലാക്ക് രണ്ടുവയസ്സ് മാത്രമാണ് പ്രായം. മരുന്നിനുമാത്രം ആഴ്ചയിൽ വലിയ തുകകൾ തന്നെ വേണ്ടിവരുന്നുണ്ട്. ഓപ്പറേഷനും തുടർ ചികിത്സക്കും ഇതിനോടകം ഒട്ടേറെ പണം ചിലവായി. ഇനിയും തുടർ ചികിത്സക്കുള്ള പണമില്ലാതെ വിഷമിക്കുകയാണ് നിർധനരായ ഈ കുടുംബം. ആശുപത്രിയിൽനിന്നും വീട്ടിൽ എത്തിയെങ്കിലും കിലോമീറ്ററുകൾ താണ്ടി വേണം തുടർചികിത്സക്കായി ആശുപത്രിയിൽ പോകാൻ. നിർധനരായ കുടുംബത്തിനും സുമനസുകളുടെ കാരുണ്യമാണ് ഇനി മുന്നിലുള്ള ഏക പ്രതീക്ഷ.
ഇതിനായി ചിറ്റാർ എസ് ബി ഐ ബ്രാഞ്ചിൽ സജിയുടെയും ഭാര്യ പ്രസന്നയുടെയും പേരിൽ സംയുകത അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ഫോൺ : 9656472132