പത്തനംതിട്ട : ജില്ലയിൽ ജാഗ്രതാസമിതികള് കടലാസിലൊതുങ്ങിയതായി ആക്ഷേപം ശക്തമാകുന്നു. റാന്നി, കോന്നി വനംഡിവിഷനുകളിൽ ചുരുക്കം ചില ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് കർഷക ജാഗ്രതാസമിതികൾ നിലവിൽ വന്നത്. കൃഷിയിടങ്ങളിൽ ശല്യമുണ്ടാക്കുന്ന കാട്ടുപന്നിയെ വെടിവെയ്ക്കാൻ കർഷകന് അധികാരമുണ്ടെന്നു വ്യക്തമാക്കുന്ന വനംവകുപ്പ് തന്നെയാണ് നടപടികളിൽ മെല്ലപ്പോക്കു നയം സ്വീകരിച്ചത്. വനംവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് സമിതികൾ രൂപീകരിക്കേണ്ടത്.
സമിതിയുടെ ശിപാർശ പ്രകാരം ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവരെ കണ്ടെത്തി അതാത് പ്രദേശത്തു പന്നിയെ വെടിവയ്ക്കാൻ നിയോഗിക്കണം. ഒരു പന്നിയെ കൊന്നാൽ 1000 രൂപ പ്രതിഫലവും ലഭിക്കും. എന്നാൽ ഉത്തരവിറങ്ങി ആറുമാസം പിന്നിട്ടപ്പോഴും ജില്ലയിൽ നാമമാത്രമായി മാത്രമേ കാട്ടുപന്നികളെ കൊല്ലാൻ ആയിട്ടുള്ളൂ. അയിരൂർ ഗ്രാമപഞ്ചായത്തിൽ മാത്രം മൂന്ന് പന്നികളെ കൊന്നു.
അങ്ങാടിയിൽ ഒരെണ്ണത്തിനെയും കൊന്നു. ജാഗ്രതാസമിതിയുടെ നിയന്ത്രണത്തിൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് പന്നിയെ കൊന്നത് ഇത്രയും മാത്രമാണ്. നേരത്തെ അരുവാപ്പുലത്ത് വനപാലകർ ഒരെണ്ണത്തിനെ കൊന്നിരുന്നു. കോന്നി ഡിവിഷനിൽ ലൈസൻസുള്ള ഒരാൾക്കു മാത്രമാണ് ഇപ്പോഴും വെടിവെയ്ക്കാൻ അനുമതി നൽകിയിട്ടുള്ളത്. റാന്നി ഡിവിഷനുകളിൽ വിവിധ പഞ്ചായത്തുകളിലായി 12 പേരെ കണ്ടെത്തിയിട്ടുണ്ട്. റാന്നി ഡിവിഷൻ പരിധിയിൽ ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകൾ അടക്കമുള്ള പ്രദേശങ്ങളുണ്ട്.
കോന്നി ഡിവിഷനിലാകട്ടെ കൊല്ലം ജില്ലയുടെ കരുനാഗപ്പള്ളി തുടങ്ങിയ മേഖലകളും. പടിഞ്ഞാറൻ മേഖലയിലേക്കുവരെ കാട്ടുപന്നി ശല്യം രൂക്ഷമാകുമ്പോഴും ഇവയെ അമർച്ച ചെയ്യാനുള്ള നടപടികൾ കാര്യക്ഷമമാക്കാൻ വനംവകുപ്പിനും കഴിയുന്നില്ല. വെടിവെയ്ക്കാനുള്ള ഉത്തരവിന്റെ കാലാവധി നീട്ടിയെങ്കിലും വെടിവെയ്ക്കാൻ അനുമതി ഉള്ളവർക്കു പോലും തോക്ക് സറണ്ടർ ചെയ്യേണ്ടിവരുന്ന സാഹചര്യം കർഷകരെയാണ് ബുദ്ധിമുട്ടിലാക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടികൾ കഴിയുന്നതിനു പിന്നാലെ തോക്ക് തിരികെ ലഭിക്കുമെങ്കിലും താമസിയാതെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ വീണ്ടും തോക്ക് തിരികെ നൽകേണ്ടിവരും. വനപാലകർ ഇടപെട്ട് പന്നിയെ വെടിവെയ്ക്കണമെന്ന ആവശ്യമാണ് കർഷകർക്കുള്ളത്.































