പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കൾ അടങ്ങുന്ന എല്ലാത്തരം ബാനറുകളും ബോർഡുകളും ഫ്ളക്സുകളും ഒഴിവാക്കിയതോടെ ചുവരെഴുത്തിന് പ്രിയമേറി. ചുവരുകൾ മുൻകൂട്ടി ബുക്ക് ചെയ്ത പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികൾക്കുവേണ്ടി എഴുത്ത് തുടങ്ങി.
ചുവരെഴുത്തിനു നല്ലകാലം തെളിഞ്ഞതോടെ ആർട്ടിസ്റ്റുകൾക്കും സന്തോഷമായി. ഫ്ലക്സിനു പകരം കോട്ടണ്‍ തുണി, പേപ്പർ, ലോഹങ്ങളിൽ നിർമിതമായ ബോർഡുകൾ, മുള, ഈറ, പനമ്പായ, പാള മുതലായവ ഉപയോഗിക്കണമെന്നാണ് നിർദേശം. എന്നാൽ ഇവയുടെ ചെലവ് കൂടുതലായതിനാലാണ് ചുവരെഴുത്തിനും പോസ്റ്ററുകൾക്കും താത്പര്യമേറിയത്. പ്രചാരണത്തിനിറങ്ങുന്നവർ ഡിസ്പോസബിൾ വസ്തുക്കൾ, പ്ലാസ്റ്റിക് കുപ്പിവെള്ളം, പ്ലാസ്റ്റിക് തോരണങ്ങൾ, തെർമോക്കോൾ ഉപയോഗിക്കുന്ന ആർച്ചുകൾ, പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ആഹാരവസ്തുക്കൾ, പ്ലാസ്റ്റിക് ഹാരങ്ങൾ എന്നിവ കർശനമായി ഒഴിവാക്കാൻ നിർദേശമുണ്ട്. വാട്ടർ ക്യാനുകൾ, സ്റ്റീൽ കുപ്പികൾ, ചില്ല് ഗ്ലാസുകൾ, തുണി, പേപ്പർ തോരണങ്ങൾ, തുണിയിൽ എഴുതിയ ആർച്ചുകൾ, വാഴയിലയിൽ പൊതിഞ്ഞ് വരുന്ന ഭക്ഷണ പദാർത്ഥങ്ങൾ, പൂക്കളിലുളള ഹാരങ്ങൾ, കോട്ടൻ നൂൽ തോർത്ത് എന്നിവ പകരമായി ഉപയാഗിക്കാമെന്നാണ് നിർദേശം.