പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 118-ാം ഓര്‍മപ്പെരുന്നാൾ ഇന്നു സമാപിക്കും. പെരുന്നാളിനോടനുബന്ധിച്ച് ഞായറാഴ്ച ചാപ്പലിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ വിശുദ്ധ കുർബാന അർപ്പിച്ചു. പളളിയിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിൽ ഡോ. യു ഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. കാതോലിക്കാ ബാവയുടെ പത്താമത് സ്ഥാനാരോഹണ വാർഷികവും തുടർന്നു നടന്നു. വൈകുന്നേരം പെരുന്നാളിനോടനുബന്ധിച്ച് ഭക്തിനിര്‍ഭരമായ റാസയും നടന്നു. കോവിഡ് -19 ചട്ടപ്രകാരം നടന്ന റാസയില്‍ കുരിശും മുത്തുകുടകളും കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ പങ്കെടുത്തു.
അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലിത്ത ധ്യാനപ്രസംഗം നടത്തി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ്, അഭി.ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത, അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്,ജോഷ്വ മാര്‍ നിക്കോദിമോസ് എന്നിവര്‍ വിശ്വാസികള്‍ക്ക് വാഴ്‌വ് നല്‍കി.
ഇന്നു രാവിലെ ആറിന് നടന്ന കർമ്മങ്ങൾക്ക്ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിച്ചു. തുടർന്ന് നടക്കുന്ന പെരുന്നാൾ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് കാർമ്മികത്വം വഹിക്കുന്നത്. തുടർന്ന് ഉച്ചയ്ക്ക് വി.മൂന്നിന്‍മേല്‍ കുര്‍ബാന, 2 മണിക്ക് റാസ, 3ന് പെരുന്നാൾ കൊടിയിറക്കവും നടക്കുന്നതോടെ ഈ വർഷത്തെ പരിശുദ്ധ പരുമല തിരുമേനിയുടെ 118 മത് ഓർമ്മ പെരുന്നാളിന് സമാപനമാകും.