പത്തനംതിട്ട : പത്തനംതിട്ട നഗരം തലനാരിഴയ്ക്ക് രക്ഷപെട്ടു. പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഇന്ത്യന്‍ ഓയിലിന്റെ എക്‌സല്‍ ഫ്യുവല്‍സില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് തീപിടുത്തം ഉണ്ടായത്. പമ്പിന്റെ ഓഫീസ് റൂമിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പാചകം ചെയ്യുന്നതിനിടെ സമീപത്തെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡിന് തീ പിടിക്കുകയായിരുന്നു.
ഈ സമയത്ത് ലോഡുമായി വന്ന ടാങ്കര്‍ പെട്രോളിയം ഉല്‍പന്നം പമ്പിന്റെ ഭൂഗര്‍ഭ ടാങ്കിലേക്ക് പകരുകയായിരുന്നു. വിവരം അറിയിച്ചതനുസരിച്ച് മൂന്നു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് വന്നു. 12,000 ലിറ്റര്‍ ശേഷിയുള്ള മാന്‍ ലോറിയിലെ എന്‍ജിനുള്‍പ്പെടെ സ്ഥലത്ത് വന്നിരുന്നു. വന്‍ സ്‌ഫോടനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ മറ്റ് ഫയര്‍ സ്‌റ്റേഷനുകളോടും തയാറാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മൂന്നു എന്‍ജിനുകള്‍ തുടര്‍ച്ചയായി വെള്ളം ചീറ്റി 9.40 ഓടെ തീ നിയന്ത്രണ വിധേയമാക്കി.