റാന്നി: റാന്നി വൈക്കം ഗവൺമൻെറ് യു.പി സ്കൂളിന് ഭൂമി വേണമെന്ന് ആവശ്യം ഉയരുന്നു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത വന്നതോടെ സ്കൂളിന് സ്ഥലമില്ലാതെയായി. പഞ്ചായത്തിലെ വളരെ പഴക്കം ചെന്ന ഈ സ്കൂളിന്‍റെ പ്രവർത്തനത്തിന് തടസ്സം നേരിട്ടിരിക്കുകയാണ്.
എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. പഞ്ചായത്ത്, എം.എൽ.എ, എം.പി എന്നീ സർക്കാർ ഫണ്ടുപയോഗിച്ചാണ് ഈ സ്കൂളിന് കെട്ടിടവും സൗകര്യങ്ങളും ഒരുക്കിയത്. റോഡിൻെറ വീതി കൂട്ടിയപ്പോൾ കുട്ടികൾ കളിച്ചു കൊണ്ടിരുന്ന ഗ്രൗണ്ടിൻെറ ഭൂരിഭാഗവും നഷ്ടപ്പെട്ടു. ഇപ്പോൾ കെട്ടിടം മാത്രമായി. സ്കൂളിൻെറ പിന്നിലൂടെ തിരുവാഭരണ പാത കടന്നു പോകുന്നുണ്ട്. തിരുവാഭരണ പാതയുടെ സ്ഥലം കൂടി അളന്നു കഴിഞ്ഞതോടെ പിന്നിലും സ്ഥലം ഇല്ലാതായി.
മുന്നിലൂടെയും പിന്നിലൂടെയും വഴി വന്നതോടെ സ്കൂളിൻെറ ഭാവിയുടെ വഴിയടഞ്ഞു. സൗകര്യങ്ങൾ കുറഞ്ഞ സ്കൂളിലേക്ക് കൂട്ടികളെ എങ്ങനെ വിടുമെന്നാണ് രക്ഷകർത്താക്കളുടെ ആശങ്ക. സ്കൂളിൻെറ മുന്നോട്ടുള്ള നടത്തിപ്പിന് അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്വകാര്യ സ്കൂളുകളുടെ മത്സരത്തിനിടയിൽ, 250ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളായി മാറുകയും പ്രവർത്തന മികവിൽ ഒന്നാമതെത്തുകയും ചെയ്ത സ്കൂളിൻെറ തുടർ പ്രവർത്തനത്തിന് സ്കൂളിനോട് ചേർന്ന സ്ഥലം സർക്കാർ വിലക്കു വാങ്ങി പുതിയ കെട്ടിടം പണിതാൽ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.