കോന്നി : ശബരിമല മണ്ഡലകാലം പടിവാതിലിൽ എത്തിനിൽക്കുമ്പോഴും ഒരുക്കങ്ങൾ ഒന്നുമായില്ല. പുനലൂർ – മൂവാറ്റുപുഴ പാതകൾ വഴിയും തണ്ണിത്തോട് – ചിറ്റാർ റോഡുവഴിയും അട്ടച്ചാക്കൽ – ചെങ്ങറ വടശേരിക്കര വഴിയുമെല്ലാം നിരവധി അയ്യപ്പ ഭക്തരാണ് സഞ്ചരിക്കുന്നത്.
എന്നാൽ ഇത്തവണ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വഴിയിൽ പലയിടങ്ങളിലും മാർഗ തടസങ്ങൾ ഉണ്ട്. എന്നാൽ അയ്യപ്പഭക്തർ ഏതുവഴി സഞ്ചരിക്കണമെന്നതിന് കൃത്യമായ ഉത്തരവുമില്ല. ശബരിമല പാതകളിൽ മൂടിയ കാടുകൾ വെട്ടിമാറ്റുന്ന ജോലികളും വഴിവിളക്കുകൾ പുനഃസ്ഥാപിക്കുന്ന ജോലികളും പൂർത്തിയായിട്ടില്ല.
ശബരിമല ഇടത്താവളങ്ങളിലും മുന്നൊരുക്കങ്ങൾ എങ്ങും എത്തിയില്ല. ശബരിമല പാതകളിൽ ദിശാസൂചികകളും സ്ഥാപിച്ചിട്ടില്ല. ശബരിമല ഇടത്താവളങ്ങളിലെ കടവുകളിൽ ലൈഫ് ഗാർഡുകളെയും നിയമിക്കാനുണ്ട്. ഇടത്താവളങ്ങളിൽ കുടിവെള്ള സൗകര്യമുൾപ്പെടെ ഇനിയും നടപ്പാകേണ്ടതുണ്ട്. റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അയ്യപ്പ ഭക്തരുടെ യാത്രയും കൂടുതൽ ദുഷ്കരമാകുവാൻ ഇടയുണ്ട്.