പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടുപേര്‍ക്ക് കോവിഡ് കണ്ടെത്തി. നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധയിലാണ് രോഗബാധിതരായവരെ കണ്ടെത്തിയത്. രണ്ടുപേരും തമിഴ്നാട്ടില്‍ നിന്ന് തീർഥാടനത്തിനെത്തിയവരാണ്.
തഞ്ചാവൂരില്‍ നിന്നും മറ്റ് മൂന്നുപേര്‍ക്കൊപ്പം കാറിലെത്തിയ തീർഥാടകനാണ് നിലയ്ക്കലിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടത്. ഈ സംഘത്തെ ദര്ശനത്തിനുവദിക്കാതെ നാട്ടിലേക്ക് പോലീസിന്റെ സഹായത്തോടെ തിരിച്ചയച്ചു.
നിലയ്ക്കലില്‍ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് ട്രിച്ചിയില്‍ നിന്നുമെത്തിയ തീർഥാടക സംഘത്തില്പ്പെട്ടയാളിന് കോവിഡ് പോസിറ്റീവ് എന്ന് കണ്ടത്. വാനിലെത്തിയ ഈ സംഘത്തില്‍ 16 പേരുണ്ടായിരുന്നു. ഇവരെയും നാട്ടിലേക്ക് മടക്കി അയച്ചു. 16നും നിലയ്ക്കലില്‍ നടത്തിയ പരിശോധനയില്‍ താത്കാലിക ജോലിക്ക് സന്നിധാനത്തേക്ക് എത്തിയ രണ്ടുപേര്‍ക്ക് കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തിയിരുന്നു. സന്നിധാനം ഡ്യൂട്ടിക്കെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ പോസിറ്റീവ് എന്ന് കണ്ടെത്തിയവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് വന്നത്. 24 മണിക്കുറിന് മുമ്പുള്ള പരിശോധനാഫലം ആവശ്യമായിരുന്നതിനാലാണ് ഇവരെ പരിശോധിച്ചത്. ഇന്നലെ പുലര്‍ച്ചെ 12 മുതല്‍ വൈകുന്നേരം ആറുവരെ 451 പേര് നിലയ്ക്കലില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായി.