തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട പി സി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. ഇടതുമുന്നണിക്ക് വേണ്ടി പി സി ചാക്കോ കേരളത്തിൽ പ്രചാരണത്തിന് ഇറങ്ങും. പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നൽകാൻ ശരദ് പവാറിന് കഴിയുമെന്നും അതുകൊണ്ടാണ് എന്‍സിപിയില്‍ ചേർന്നതെന്നുമായിരുന്നു പി സി ചാക്കോയുടെ വാക്കുകൾ. രാജ്യത്ത് മൂന്നാം മുന്നണിയുടെ ആവശ്യമുണ്ടെന്ന് ചാക്കോയെ സ്വാഗതം ചെയ്ത് ശരദ് പവാര്‍ പറഞ്ഞു.
ശരദ് പവാറിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പി.സി ചാക്കോ എന്‍സിപിയുടെ ഭാഗമായത്. ഇടത് മുന്നണി കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും കേരളത്തിലുടനീളം പ്രചാരണത്തിനിറങ്ങാന്‍ ശരദ് പവാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പി.സി ചാക്കോ പറഞ്ഞു.
കോണ്‍ഗ്രസിലെ തിരുത്തൽവാദി സംഘത്തെ പരോക്ഷമായി ക്ഷണിക്കുന്ന തരത്തിലായിരുന്നു ശരത് പവാറിന്റെ വാക്കുകൾ. രാജ്യത്ത് കോണ്‍ഗ്രസിതര പ്രതിപക്ഷ പാര്‍ട്ടികളുടെ മൂന്നാം മുന്നണി ആവശ്യമാണെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ശരത് പവാർ അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കൂടിക്കാഴ്ച നടത്തി. വരുംദിവസങ്ങളിൽ കോണ്‍ഗ്രസിലെ തിരുത്തൽവാദി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.