ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിൽ നിയമപരമായ തടസമില്ലെന്ന് കേന്ദ്രസർക്കാർ. പേരറിവാളന്റെ എൻറോൾമെന്റ് ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി. ആർ. സുധ നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം പേരറിവാളന് അനുകൂല നിലപാട് സ്വീകരിച്ചത്. വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ ലഭിച്ച വ്യക്തിക്ക് അഭിഭാഷകനായി എൻറോൾ ചെയ്യാൻ അഭിഭാഷക ആക്ട് പ്രകാരം കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുധ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരമുള്ള അയോഗ്യത, ഒരാൾ ജയിൽ മോചിതനായി രണ്ട് വർഷം കഴിഞ്ഞാൽ അവസാനിക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നിയമ വകുപ്പ് ഈ നിലപാട് കോടതിയിൽ അറിയിച്ചത്. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാളൻ മുപ്പത് കൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷം 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ സ്വകാര്യ നിയമ കോളേജിൽ ചേരുകയും പഠനം പൂർത്തിയാക്കുകയുമായിരുന്നു. ഏപ്രിലിലാണ് പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തത്.































