റാന്നി : ചെളി അടിഞ്ഞതു മൂലം പമ്പിംങ് തടസ്സപ്പെട്ട പെരുന്തേനരുവി കുടിവെള്ള വിതരണ പദ്ധതിയില്‍ നിന്നും വീണ്ടും പൂര്‍ണ്ണ തോതില്‍ ജലവിതരണം ആരംഭിച്ചു. പദ്ധതിയുടെ കിണറിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകള്‍ പുനരുദ്ധരിച്ചതോടെയാണ് പമ്പിംങ് കാര്യക്ഷമമാക്കിയത്. വെച്ചൂച്ചിറ പഞ്ചായത്തില്‍ പൂര്‍ണ്ണമായും കുടിവെള്ളം എത്തിക്കുന്ന പെരുന്തേനരുവി ശുദ്ധജല വിതരണ പദ്ധതിയാണ് ചെളി അടിഞ്ഞതിനെ തുടര്‍ന്ന് ഏതാനും ദിവസത്തേക്കു പമ്പിംങ് തടസ്സപ്പെട്ടത്.
പദ്ധതിയുടെ കിണറിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകളിലൂടെ ചെളി കയറി അടഞ്ഞിരുന്നു. പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിക്കായി സ്ഥാപിച്ച തടയണയില്‍ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇവിടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രളയത്തില്‍ അടിഞ്ഞ ചെളി നീക്കുന്ന ജോലികള്‍ നടക്കുകയായിരുന്നു. അതിനു ശേഷമുള്ള വെള്ളം തുറന്നു വിട്ടതോടെ വലിയ തോതില്‍ മണലും ചെളിയും താഴേക്ക് ഒഴുകി എത്തുകയായിരുന്നു. ഇതിനു സമീപത്തെ വലിയ കയമായ നായ് വീണരുവി വന്‍ തോതില്‍ മണല്‍ അടിഞ്ഞതു മൂലം ആഴം കുറഞ്ഞു.
ഇപ്പോള്‍ തടയണയിലെ വെള്ളം വൈദ്യുത പദ്ധതിയുടെ ഫോര്‍ബേ ടാങ്കിലേക്കുള്ള കനാലിലൂടെ എത്തിച്ച് അരുവിയുടെ താഴെ തുറന്നു വിടുകയാണ്. ഒരു മാസം മുമ്പ് പമ്പിംങ് നിര്‍ത്തി വെച്ച് വാട്ടര്‍ അതോറിറ്റി പുനരുദ്ധരിച്ച കിണറിലും പൈപ്പിലുമാണ് വീണ്ടും ചെളി കയറി അടഞ്ഞത്. ഒരു മാസത്തിനിടെ രണ്ടാമത് വീണ്ടും പുനരുദ്ധാരണം നടത്തിയത് മൂലം വാട്ടര്‍ അതോറിറ്റിക്ക് സംഭവം വലിയ ബാധ്യതയായി മാറി.