വാരാണസി: മഞ്ഞുകാലം തീരുമ്പോള്‍ ഇന്ധന വില കുറയുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. മഞ്ഞുകാലത്ത് വില കൂടുന്നത് പതിവെന്നും പ്രധാന്‍ പറഞ്ഞു. ഇന്ധനവില നൂറ് പിന്നിട്ട് കുതിക്കുമ്പോഴാണ് മന്ത്രി അതിന് കാരണം കണ്ടെത്തിയത്.
”രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചത് നമ്മുടെ ഉപഭോക്താക്കളെയും ബാധിച്ചിട്ടുണ്ട്. മഞ്ഞുകാലം തീരുന്നതോടെ വില കുറയും. ആവശ്യം കൂടുന്നതുകൊണ്ടാണ് വില കൂടുന്നത്. മഞ്ഞുകാലത്ത് ഇതു പതിവാണ്. ഈ സീസണ്‍ കഴിയുന്നതോടെ വില കുറയും” – ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും പെട്രോള്‍ വില നൂറു രൂപയ്ക്കു മുകളിലാണ്. ഡീസല്‍ 90 രൂപയിലേയ്ക്ക് അടുക്കുന്നു. വില വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പരിപാടികള്‍ നടത്തി. പെട്രോളിനും ഡീസലിനും പിന്നാലെ കഴിഞ്ഞ ദിവസം പാചക വാതക വിലയും വര്‍ധിപ്പിച്ചിരുന്നു.