തിരുവനന്തപുരം : പീഡനപരാതിയിൽ ഇടപെട്ട് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ പറ്റൂവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി രാജിവെയ്ക്കില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ പുറത്താക്കിയേ പറ്റൂ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്നും യുക്തിരഹിതമായ ദുർബലമായ വാദമാണ് മന്ത്രിയുടേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി രാജിവെച്ചില്ലെങ്കിൽ നിയമസഭയിൽ പ്രശ്നം കൊണ്ടുവരുമെന്നും വി.ഡി സതീശൻ പറഞ്ഞു.
സിപിഎമ്മിന് സ്ത്രീപക്ഷത്ത് നിൽക്കണമെന്ന് ആളുകളോട് എങ്ങനെ പറയും? കൊല്ലത്തെ വാക്സീൻ വിതരണത്തിലെ അപാകതകൾക്കെതിരെ പ്രതിഷേധിച്ച ചടയമംഗലത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടു. മര്യാദകേടാണിത്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഒരു വനിതാ ഉദ്യോഗസ്ഥയെയും പുറത്താക്കി. വനംകൊള്ളക്ക് കൂട്ടുനിന്ന പ്രിൻസിപ്പൽ സെക്രട്ടറിയാണ് വനിതാ ഉദ്യോസ്ഥയ്ക്ക് എതിരെ നടപടി എടുത്തത്. അവരെ സെക്രട്ടറിയേറ്റിന് പുറത്തേക്ക് മാറ്റിയെന്നും സതീശൻ കുറ്റപ്പെടുത്തി.