തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി എതിരായതിനെത്തുടർന്ന് രാജിയാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടൊണ് ജലീല്‍ രാജിക്കത്ത് കൈമാറിയത്. ജലീലിനെ അന്യായമായി സംരക്ഷിക്കുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ഉയര്‍ന്നിരുന്നു. കേന്ദ്രനേതൃത്വത്തില്‍നിന്നും ജലീലിന് അനുകൂലമായ നിലപാടല്ല ഉണ്ടായത്. ഇ.പി. ജയരാജന്റെ രാജി വാങ്ങിയ മുഖ്യമന്ത്രി ജലീലിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. ഇതോടെയാണ് രണ്ടരവര്‍ഷം നീണ്ട വിവാദം ജലീലിന്റെ രാജിയില്‍ അവസാനിച്ചത്.
കെ.ടി.ജലീലിനു മന്ത്രി സ്ഥാനത്തു തുടരാൻ അർഹതയില്ലെന്ന പ്രഖ്യാപനം അടങ്ങിയ ഉത്തരവ് ലോകായുക്ത ഇന്നലെ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഉത്തരവ് നടപ്പാക്കി മുഖ്യമന്ത്രി ലോകായുക്തയെ അറിയിക്കണമെന്നാണ് നിയമം. മന്ത്രി കെ.ടി.ജലീൽ സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതായി കണ്ടെത്തിയ ലോകായുക്ത അത് ‘പ്രഖ്യാപനം’ ചെയ്ത സാഹചര്യത്തിൽ രാജി അനിവാര്യമായി. എന്നാൽ ഹൈക്കോടതിയിൽ ഹർജി നൽകി കേസിനെ നിയമപരമായി നേരിടാനായിരുന്നു മന്ത്രിയുടെ നീക്കം.
പാർട്ടിയിലും ആദ്യഘട്ടത്തില്‍ ഇതിനു പിന്തുണ ലഭിച്ചു. എന്നാൽ, ജലീലിനെ സംരക്ഷിക്കില്ലെന്ന ധ്വനിയുള്ള എം.എ.ബേബിയുടെ വാക്കുകൾ ഇതു സംബന്ധിച്ച അഭിപ്രായ വ്യത്യാസം വെളിച്ചത്തുകൊണ്ടുവന്നു. ലോകായുക്ത വിധിയെതന്നെ ചോദ്യം ചെയ്യുന്ന മന്ത്രി എ.കെ.ബാലന്റെ വാദങ്ങളും ബേബി തള്ളി. ജലീലിനെ വഴിവിട്ട് സഹായിക്കേണ്ടതില്ലെന്ന അഭിപ്രായം ശക്തമായതോടെയാണ് മുഖ്യമന്ത്രി രാജിക്ക് നിർദേശിച്ചത്.
നിലവിൽ തവനൂർ മണ്ഡലത്തെയാണ് ജലീൽ പ്രതിനിധീകരിക്കുന്നത്. 2006ൽ ലീഗ് വിട്ടുവന്ന ജലീൽ എൽഡിഎഫ് പിന്തുണയോടെ കുറ്റിപ്പുറത്ത് മത്സരിച്ച് പി.കെ.കുഞ്ഞാലിക്കുട്ടിയെ 8781 വോട്ടിനു പരാജയപ്പെടുത്തിയിരുന്നു. 2016ൽ തവനൂരിൽ 17,064 വോട്ടിനാണ് ജയിച്ചത്. തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ അധ്യാപകനായിരുന്നു.