കോട്ടയം : സര്‍വേ നടത്തി ജയം ഉറപ്പിച്ച് പുതിയ സ്ഥാനാര്‍ഥി പട്ടികയുമായി യുഡിഎഫില്‍ സീറ്റ് ചര്‍ച്ചയ്‌ക്കൊരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ഐശ്വര്യ കേരള യാത്രയ്ക്ക് ശേഷം അടുത്തയാഴ്ച തിരുവനന്തപുരത്ത് സീറ്റ് ചര്‍ച്ചകള്‍ പുനരാരംഭിക്കും.
വിജയസാധ്യത മാനദണ്ഡമാക്കിയാകണം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവുമെന്നാണ് യുഡിഎഫ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ജോസഫ് വിഭാഗം സര്‍വേ നടത്തിയത്. പന്ത്രണ്ട് സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. തൊടുപുഴ, കടുത്തുരുത്തി ഒഴികെയുള്ള സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഓരോ സീറ്റിലും മൂന്ന് പേരെ വീതമാണ് പരിഗണിച്ചത്. തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിക്കും. ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ സ്ഥാനാര്‍ഥിയാകും. ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ ഫ്രാന്‍സിസ് ജോര്‍ജിന് തന്നെ നറുക്കു വീഴും.
ഫ്രാന്‍സിസ് ജോര്‍ജിന് കോതമംഗലം സീറ്റില്‍ താത്പര്യമുണ്ടെങ്കിലും ഷിബു തെക്കുംപുറത്തെ ഇവിടെ പരിഗണിക്കും. ചങ്ങനാശേരിയില്‍ സര്‍വേ പ്രകാരം വിജയസാധ്യത വി.ജെ. ലാലിക്കാണ്. കോണ്‍ഗ്രസ് കണ്ണുവെച്ചിരിക്കുന്ന ഏറ്റുമാനൂര്‍ സീറ്റില്‍ പ്രിന്‍സ് ലൂക്കോസാണ് മുമ്പില്‍, മൈക്കിള്‍ ജെയിംസും പട്ടികയിലുണ്ട്. പൂഞ്ഞാറില്‍ സജി മഞ്ഞക്കടമ്പനും കാഞ്ഞിരപ്പിള്ളിയില്‍ അജിത് മുതിരമലയുമാണ് പിജെയുടെ മനസില്‍. കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാമാണ് പരിഗണനയിലെങ്കിലും സര്‍വേ പ്രകാരം വിജയസാധ്യത കുറവാണ്. തിരുവല്ലയില്‍ വിക്ടര്‍ ടി തോമസിനേക്കാള്‍ സര്‍വേ പ്രകാരം വിജയസാധ്യത ജോസഫ് എം പുതുശേരിക്കാണ്. ജോസഫ് കണ്ണു വെച്ചിട്ടുള്ള മൂവാറ്റുപുഴ സീറ്റ് കോണ്‍ഗ്രസ് വിട്ടുനല്‍കാനിടയില്ല. പിജെ ജോസഫിനെ മകന്‍ അപു ജോസഫ് ഇത്തവണ മത്സരിക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് മത്സരിപ്പിക്കാനാണ് ആലോചന.