പത്തനംതിട്ട : കോണ്‍ഗ്രസ് വിട്ടുവന്നാല്‍ ഉപരാഷ്ട്രപതി സ്ഥാനം വരെ നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. എന്നാല്‍, ഓഫര്‍ നിരസിച്ചതായും ഒരിക്കലും പാര്‍ട്ടി വിട്ടുപോകില്ല എന്നതാണ് എന്‍റെ നിലപാടെന്ന് മോദിയോട് പറഞ്ഞുവെന്നും കുര്യന്‍ വ്യക്തമാക്കി.
”മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഞാന്‍. പ്രധാനമന്ത്രിയായ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്നെ ബി.ജെ.പിയിലേക്ക് ക്ഷണിക്കാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്വിയെ രണ്ടുതവണ എന്‍റെ അടുത്ത് അയച്ചിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്ട്രപതി ആക്കാമെന്നായിരുന്നു ഓഫര്‍. എന്നാല്‍, ഞാന്‍ പോയില്ല. പിന്നീട് മോദിയെ കണ്ടപ്പോള്‍ എന്‍റെ പേര് അത്തരത്തില്‍ പരിഗണിച്ചതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഞാന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അത്രയും വലിയ ഓഫര്‍ ലഭിച്ചിട്ട് പോകാത്ത ഞാന്‍ ഇപ്പോള്‍ പോകുമോ? പോകില്ല” – കുര്യന്‍ പറഞ്ഞു.
മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് പോയത് ഇടതിന് നേട്ടമാകില്ല. മധ്യ തിരുവിതാംകൂറില്‍ പൊതുവെ ഇടതുവിരുദ്ധ രാഷ്ട്രീയമാണ്. പാല സീറ്റില്‍ വരെ ജോസ് കെ. മാണിക്ക് ബുദ്ധിമുട്ടായിരിക്കും. എന്‍.എസ്.എസ് യു.ഡി.എഫിന് അനുകൂലമാണ്. ശബരിമല വിഷയത്തില്‍ യു.ഡി.എഫാണ് വിശാസികളോട് ഒപ്പം നില്‍ക്കുകയും സമാധാനം കാത്തുസൂക്ഷിക്കുകയും ചെയ്തത്. ബി.ജെ.പി വിശ്വാസികളോട് ഒപ്പം നിന്നെങ്കിലും ശബരിമലയില്‍ എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കി.
സീതാറാം യെച്ചൂരിയാണ് ശബരിമല വിഷയം വീണ്ടും ചൂടുപിടിപ്പിച്ചത്. കടകം പള്ളിയുടെ ഖേദപ്രകടനം എന്തിനെന്നറിയില്ല എന്നാണ് അദ്ദേഹവും പിണറായിയും പറഞ്ഞത്. ഇലക്ഷനില്‍ അപകടകരമാകും എന്നതിനാല്‍ ഇക്കാര്യത്തില്‍ മാര്‍ക്സിസ്റ്റുകാരന്റെ നിലപാട് തുറന്നുപറയാന്‍ പിണറായിക്ക് കഴിയുന്നില്ല.
രാജ്യസഭ സീറ്റ് വാങ്ങിയ ജോസ് കെ. മാണി പാര്‍ട്ടിയെ വഞ്ചിച്ചാണ് പോയത്. ആ സീറ്റ് എനിക്ക് കിട്ടിയാല്‍ ഡെപ്യൂട്ടി ചെയര്‍മാനാകേണ്ടിയിരുന്ന വാല്യുബ്ള്‍ ആയ സീറ്റാണ് ജോസിന് കൊടുത്തത്. എന്നിട്ടാണ് ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിന്റെ പേരില്‍ ഇടതുപാളയത്തിലേക്ക് പോയത് -കുര്യന്‍ പറഞ്ഞു.